സ്വപ്‌നയുടെ ഓഡിയോ സന്ദേശം; സര്‍ക്കാരിനെ രക്ഷിക്കാനുള്ള അണിയറ തന്ത്രം

    11

    കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഐടി ഓഫീസ് ജീവനക്കാരി സ്വപ്‌ന സുരേഷിന്റെ ഓഡിയോ സന്ദേശത്തിന് പിന്നില്‍ പ്രതികൂട്ടിലായ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും രക്ഷിക്കാനുള്ള അണിയറ നീക്കം. സ്വയം പ്രതിരോധിക്കുന്നതിന് പകരം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സ്പീക്കറെയും പ്രതിരോധിക്കാനാണ് ഏതാനും മിനുറ്റുകള്‍ മാത്രം നീളമുള്ള ശബ്ദ സന്ദേശത്തിലൂടെ സ്വപ്‌ന സുരേഷ് ശ്രമിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ച ഇവര്‍ ദിവസങ്ങളായി ഒളിവില്‍ ഇരിക്കുന്നതിന്റെ കാരണവും വ്യക്തമാക്കുന്നില്ല. ഭയം കൊണ്ടാണ് ഒളിവില്‍ പോയതെന്ന് പറയുന്നുണ്ടെങ്കിലും ആരാണ് ഭയപ്പെടുത്തുന്നത്, ആരില്‍ നിന്നാണ് ഭീഷണി തുടങ്ങിയ കാര്യങ്ങള്‍ സമര്‍ഥമായി മറച്ചു വെയ്ക്കുകയും ചെയ്യുന്നു. ശബ്ദ സന്ദേശത്തിലുടനീളം മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍ എന്നിവരെ വിശുദ്ധരാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ഇവരെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ഈ സര്‍ക്കാരിന് ഒന്നും സംഭവിക്കില്ല, തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കാന്‍ വേണ്ടി ശ്രമിക്കരുത്, ഇവരെ കുറിച്ച് അന്വേഷിച്ചാലും നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നിങ്ങനെ വെല്ലുവിളി രൂപത്തിലാണ് സ്വപ്‌നയുടെ പല വാക്കുകളും. അതായത് സ്വയം പ്രതിരോധിക്കുന്നതിന് പകരം തന്റെ സംരക്ഷകരെ പ്രതിരോധിക്കാനാണ് സ്വപ്‌ന ശ്രമിക്കുന്നത്. കൃത്യമായ തിരക്കഥയുടെ ബലത്തില്‍ തയാറാക്കിയ ഓഡിയോ സന്ദേശമാണിതെന്ന് വ്യക്തം.
    കൃത്യമായി പഠിച്ചു പറയിപ്പിക്കും പോലെയാണ് ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെയുള്ളവ. പലപ്പോഴും സാധാരണ നിലയില്‍ സംസാരിക്കുന്ന അവര്‍ ഇടയ്ക്ക് വികാരഭരിതയാവാനും ശ്രമിക്കുന്നു. ഇതും ശബ്ദ സന്ദേശത്തില്‍ വ്യക്തം. ആത്മഹത്യക്കും (സ്വപ്‌നയുടെ വാക്കുകള്‍ പ്രകാരം) അറസ്റ്റിനുമിടയില്‍ നില്‍ക്കുന്ന ഒരാള്‍ തന്റെ വാദം അറിയിക്കാന്‍ കിട്ടിയ അവസരം സര്‍ക്കാരിനെ സംരക്ഷിക്കാന്‍ മാത്രം ഉപയോഗിക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, ഇതിനെല്ലാമിടയില്‍ തെരഞ്ഞെടുപ്പ് വരുന്ന കാര്യം ഇവര്‍ സൂചിപ്പിച്ചതിലും അനൗചിത്യമുണ്ട്. ഇതിനിടെ, ഇതുവരെ കേട്ടിട്ടില്ലാത്ത ആരോപണങ്ങളെ പ്രതിരോധിക്കാനും സ്വപ്‌ന സുരേഷ് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കൂടെ നൈറ്റ്ക്ലബില്‍ ചെലവഴിച്ചതായി ഇവര്‍ പറയുന്ന ആക്ഷേപം ഇതുവരെ പ്രതിപക്ഷം പോലും ഉന്നയിച്ചിട്ടില്ല. മകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയാണെന്ന വാദം ജനം കേള്‍ക്കുന്നതും ആദ്യം. ഇതുവരെ ഉന്നയിക്കാത്ത ആരോപണങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധത്തിന് ശ്രമിച്ചതും ശബ്ദ സന്ദേശത്തിന് പിന്നില്‍ ഭരണപക്ഷത്തിന്റെ കൈകളുണ്ടെന്ന വാദം ശക്തിപ്പെടുത്തുന്നു.