ദുബൈ: ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് പകരം വെക്കാനില്ലാത്ത സേവനവുമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റിന്റെ യുഎഇയിലെ ഏറ്റവും വലുതും എണ്‍പത്തി രണ്ടാമത്തേതുമായ ശാഖ ദുബൈയിലെ ദേരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫഷ് റൗണ്ടബൗട്ടിന് സമീപം അല്‍മുതീന സ്ട്രീറ്റിലെ ബുര്‍ജ് നഹാര്‍ മാളിലാണ് രണ്ടു ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായുള്ള വിശാലമായ ഷോപ്പിംഗ് സ്‌പേസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്.
ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ ജുമാ അല്‍മാജിദ് ഗ്രൂപ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ താരിഖ് ശലബിയും വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ കെ.പി ബഷീറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ‘പേള്‍ ഓഫ് ഹാപിനസ്സ്’ എന്ന് നാമകരണം ചെയ്ത നെസ്റ്റോ ദേര ഔട്‌ലെറ്റ്, നെസ്റ്റോ ഗ്രൂപ്പിന്റെ ദുബൈ മേഖലയിലെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതായിരിക്കുമെന്ന് ഡയറക്ടര്‍മാരായ പി.സിദ്ദീഖ്, കെ.പി ജമാല്‍ എന്നിവര്‍ പറഞ്ഞു.
അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം അതിന്റേതായ വിശാലതയില്‍ ഉപഭോക്താക്കള്‍ക്ക് സാധ്യമാക്കുന്ന ഈ പുതിയ ശാഖ ‘നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം’ (All That You Need) എന്ന നെസ്റ്റോ അടിക്കുറിപ്പ് പോലെ മികച്ച ഗുണനിലവാരവും ആകര്‍ഷക ഓഫറുകളും ലഭ്യമാക്കുന്നതായിരിക്കും.