അബുദാബി: അബുദാബി സംയോജിത ഗതാഗത വിഭാഗം ചുമത്തിയ പിഴകള്‍ ഇനി തവണകളായി അടക്കാം. വിവിധ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വന്‍ തുക പിഴയടക്കാനുള്ളവര്‍ക്ക് ആശ്വാസമായാണ് തവണ വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നത്.
ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി) അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി), എമിറേറ്റ്‌സ് എന്‍ബിഡി, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് മുഖേനയാണ് പണമടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ അടക്കുന്ന തുകക്ക് ബാങ്കുകള്‍ പ്രത്യേകം പലിശ ഈടാക്കുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കുറഞ്ഞത് 1000 ദിര്‍ഹമും കൂടിയ തുക ഒന്നര ലക്ഷം വരെയും അടക്കാനുള്ളവര്‍ക്ക് മാത്രമേ തവണ വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. 1, 3, 6, 9, 12 എന്നിങ്ങനെ അഞ്ചില്‍ എത്ര മാസം വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. www.itc.gov.ae എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി പ്രയോജനപ്പെടുത്തേണ്ടത്.