യുഎഇ-ഇന്ത്യാ യാത്രാ കരാര്‍ ജൂലൈ 20ന് പുന:പരിശോധിക്കും

  161
  കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി

  ജലീല്‍ പട്ടാമ്പി
  ദുബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള യാത്രാ കരാര്‍ ജൂലൈ 20ന് പുന:പരിശോധിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തുടക്കമെന്ന നിലയില്‍ മിഡില്‍ ഈസ്റ്റ് വിമാന കമ്പനികളുമായുള്ള ധാരണ രണ്ടാഴ്ചത്തേക്ക് മാത്രമുള്ളതായിരുന്നു. ജൂലൈ 12നാണ് വിമാന കമ്പനികളുടെ സര്‍വീസ് ആരംഭിച്ചത്.
  അതിനു ശേഷം മൂന്നു ദിവസമേ ഇപ്പോള്‍ പിന്നിട്ടിട്ടുള്ളൂ. ”വരുംദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് വിലയിരുത്തും. അതിനെ അടിസ്ഥാനമാക്കിയായിരിക്കും കരാര്‍ പുനരവലോകനം ചെയ്യല്‍. ഡിമാന്റ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അടിസ്ഥാനമാക്കി ജൂലൈ 18, 19, 20 തീയതികളിലെ സജ്ജീകരണം പുന:പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനോട് (ഡിജിസിഎ) അപേക്ഷിക്കും. എത്ര കാലത്തേക്ക് ഇത് ദീര്‍ഘിപ്പിക്കാനാകുമെന്നത് അപ്പോള്‍ അറിയാനാകും” -ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
  കോവിഡ് 19 പകര്‍ച്ചവ്യാധിക്കിടെ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനുള്ള വഴിയാണ് ”ബയ്‌ലാറ്ററല്‍ എയര്‍ ബബ്ള്‍സ്” എന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യയിലെ സാധാരണ സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് അഭിപ്രായപ്പെട്ട പുരി, വൈറസിന്റെ രീതികള്‍, യാത്രക്കാരില്‍ നിന്നുള്ള ആവശ്യം, എത്ര ഇന്ത്യന്‍ നഗരങ്ങള്‍ സജ്ജം തുടങ്ങിയ കാര്യങ്ങളെ ഇത് ആശ്രയിച്ചിരിക്കുന്നുവെന്നും സൂചിപ്പിച്ചു.
  അന്താരാഷ്ട്ര സിവില്‍ ഏവിയേഷന് അതിന്റെ കോവിഡ് പൂര്‍വാവസ്ഥ വീണ്ടെടുക്കാന്‍ കഴിയുന്നത് വരെ ഇത്തരം ബയ്‌ലാറ്ററല്‍ എയര്‍ ബബ്ള്‍സ് സാധ്യമാകുമെന്ന് താന്‍ കരുതുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അത് സാധ്യമായ എണ്ണം ആളുകളെ വഹിക്കുമെന്നും എന്നാല്‍, നിര്‍വചിക്കപ്പെട്ട സാഹചര്യങ്ങളില്‍ രാജ്യങ്ങള്‍ ഇന്ത്യയടക്കം പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി.
  വന്ദേ ഭാരത് മിഷന്‍ നിലവില്‍ നാലാം ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ 619 വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഇതു വഴി 200,000 ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരും. പ്രതിദിനം 20,000ത്തോളം പേരെ കൊണ്ടുവരാനാകും. 687,467 പേരെ ഇതു വരെ തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്. ഇതില്‍ 215,495 പേരെത്തിയത് എയര്‍ ഇന്ത്യ മുഖേനയായിരുന്നു.
  ഫ്രാന്‍സ്, അമേരിക്ക, ജര്‍മനി എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബ്ള്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 1 വരെ എയര്‍ ഫ്രാന്‍സ് മുംബൈ, ഡെല്‍ഹി, ബംഗളൂരു മേഖലകളിലേക്കും പാരീസിലേക്കും 28 വിമാനങ്ങള്‍ സര്‍വീസ് നടത്തും.