യുഎഇ വിസാ നടപടികള്‍ സാധാരണ നിലയിലേക്ക്; ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

അബുദാബി: മാസങ്ങളുടെ ഇടവേളക്ക് ശേഷം യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്റ്‌സ് വിസ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് പ്രവേശിക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന നടപടിക്രമങ്ങള്‍ ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് കടക്കുകയാണ്.
ഇതനുസരിച്ച് എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, റസിഡന്റ്‌സ് വിസ എന്നിവ പുതുക്കാനുള്ള അപേക്ഷകള്‍ 12ന് ഞായറാഴ്ച മുതല്‍ സ്വീകരിക്കും. 2020 മാര്‍ച്ച്, ഏ പ്രില്‍ മാസങ്ങളില്‍ കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐഡി, റസിഡന്റ്‌സ് വിസ എന്നിവ പുതുക്കാനുള്ള അപേക്ഷകളാണ് 12ന് ഞായറാഴ്ച മുതല്‍ സ്വീകരിക്കുകയെന്ന് ഇതുസംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കി. ആഗസ്ത് എട്ടു വരെയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുക.
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 11 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന എമിറേറ്റ്‌സ് ഐഡി, റസിഡന്റ്‌സ് വിസ എന്നിവ പുതുക്കാനുള്ള അപേക്ഷകള്‍ സെപ്തംബര്‍ 10 മുതല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സെപ്തംബര്‍ അവസാനം വരെയാണ് അപേക്ഷ സ്വീകരിക്കുക.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് റസിഡന്റ്‌സ് വിസകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍, രോഗവും വ്യാപനവും നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് മുന്‍ തീരുമാനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരിച്ചറിയല്‍ കാര്‍ഡ്, വിസ എന്നിവ പുതുക്കാനുള്ള അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.