യുഎഇ വിസാ നിയമങ്ങള്‍ പുതുക്കി; ഡിസംബര്‍ 31വരെ കാലാവധി നീട്ടി നല്‍കിയ തീരുമാനം റദ്ദാക്കി

  560

  ദുബൈ: യുഎഇയിലെ വിസ, തിരിച്ചറിയല്‍ രേഖ, പൗരത്വം എന്നിവയിലും തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങളിലും ഉള്‍പ്പെടെ പുതിയ തീരുമാനങ്ങള്‍ കൊണ്ടുവന്ന് യുഎഇ മന്ത്രിസഭ ജൂലൈ 10ന് വെള്ളിയാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ, രാജ്യത്തെ വിവിധ മേഖലകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
  റെസിഡന്‍സി വിസകള്‍, എന്‍ട്രി പെര്‍മിറ്റുകള്‍, ഐഡി കാര്‍ഡുകള്‍ മുതലായവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്ന എല്ലാ തീരുമാനങ്ങളും ജൂലൈ 11 മുതല്‍ റദ്ദാക്കാനും, ജൂലൈ 12 മുതല്‍ സേവനങ്ങള്‍ക്കായി തുക ഈടാക്കുന്ന നടപടികള്‍, ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐസിഎ) പുനരാംഭിക്കാനും തീരുമാനിച്ചു.
  കൊറോണ വൈറസ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിസാ സംബന്ധമായ പ്രത്യേക തീരുമാനങ്ങള്‍ റദ്ദാക്കിയതായി യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി.
  നിലവിലെ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു. ഈ തീരുമാനങ്ങളെല്ലാം ജൂലൈ 11 മുതല്‍ പ്രാബല്യത്തില്‍ വരും.

  ഈ തീരുമാന പ്രകാരം നടപ്പാക്കുന്ന വിസാ സംബന്ധമായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം:
  *രയുഎഇയുടെ പുറത്തു നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്ന ഇമാറാത്തി പൗരന്മാര്‍, ജിസിസി പൗരന്മാര്‍, 6 മാസത്തില്‍ താഴെ യുഎഇക്ക് പുറത്ത് താമസിച്ച റെസിഡന്‍സ് വിസക്കാര്‍ എന്നിവര്‍ക്ക് രേഖകള്‍ പുതുക്കാന്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
  *നിലവില്‍ യുഎഇയില്‍ തുടരുന്ന ഇമാറാത്തി പൗരന്മാര്‍, ജിസിസി പൗരന്മാര്‍, റെസിഡെന്‍സ് വിസക്കാര്‍ എന്നിവര്‍ക്ക് തങ്ങളുടെ രേഖകള്‍ പുതുക്കാന്‍ 3 മാസത്തെ സാവകാശം നല്‍കുന്നതാണ്.
  * 2020 മാര്‍ച്ച് 1നു ശേഷം വിസാ കാലാവധി അവസാനിച്ചതും, നിലവില്‍ യുഎഇക്ക് പുറത്തുള്ളവരുമായ റെസിഡന്‍സി വിസക്കാര്‍ക്കും, ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സി വിസക്കാര്‍ക്കും അവരുടെ മാതൃരാജ്യത്ത് നിന്ന് യുഎഇയിലേക്ക് വ്യോമയാന ഗതാഗതം പുന:സ്ഥാപിക്കുന്ന തീയതി മുതല്‍ നിശ്ചിത ഇളവ് കാലപരിധി യുഎഇയിലേക്ക് മടങ്ങാന്‍ അനുവദിക്കും. ഇതുസംബന്ധിച്ച കാലയളവുകളും മറ്റും ഐസിഎ തീരുമാനിക്കുന്നതാണ്.
  *ഇത്തരം വിഭാഗക്കാര്‍ക്ക് ഇളവ് കാലാവധിക്ക് ശേഷമായിരിക്കും സേവന തുകകളും പിഴകളും ചുമത്തുന്നത്. ഇളവ് കാലാവധിയില്‍ പിഴകള്‍ ചുമത്തുന്നതല്ല. ജൂലൈ 12 മുതല്‍ ഐസിഎ സേവനങ്ങള്‍ക്കെല്ലാം ഫീസ് ഈടാക്കുന്നതാണ്.
  ഈ പുതിയ ഉത്തരവ് പ്രകാരം റദ്ദാക്കുന്ന വിസാ തീരുമാനങ്ങള്‍:
  *മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിസല കാലാവധി അവസാനിച്ച, രാജ്യത്തിനകത്തോ പുറത്തോ ഉള്ള റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട പഴയ തീരുമാനങ്ങള്‍.
  *രാജ്യത്തിനകത്തുള്ള റെസിഡന്‍സി വിസക്കാര്‍ക്ക് മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ 31വരെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ കാലാവധി നീട്ടി നല്‍കിയ തീരുമാനം.
  *മാര്‍ച്ച് 1നു കാലാവധി അവസാനിച്ച ഐഡി കാര്‍ഡുകളുള്ള, രാജ്യത്തിനകത്തുള്ള റെസിഡന്‍സി വിസക്കാര്‍ക്ക് മാര്‍ച്ച് 1 മുതല്‍ ഡിസംബര്‍ 31വരെ ഐഡി കാര്‍ഡിന്റെ കാലാവധി നീട്ടി നല്‍കിയ തീരുമാനം.
  *പിഴത്തുകകള്‍, സേവന ഫീസ് എന്നിവ താത്കാലികമായി നിര്‍ത്തലാക്കിയ തീരുമാനം.
  ഇത്തരം സേവനങ്ങളെല്ലാം കഴിയുന്നതും ഡിജിറ്റല്‍ രീതികളില്‍ നല്‍കാനും കാബിനറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.