വാരിയന്‍കുന്നത്തിന്റെ ജീവിതം പറയുന്ന മാപ്പിളപ്പാട്ടിലെ ആദ്യ കൃതിയുമായി പവാസി

'വാരിയന്‍കുന്നത്ത് സീറപ്പാട്ട്' കൃതിയുടെ പുറംചട്ട

ദുബൈ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമഗ്ര ജീവിതം ഗാനമാക്കി പൂര്‍ത്തീകരിച്ച് ഒരു പ്രവാസി. കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുന്ന നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്ന യുവ രചയിതാവാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല പോരാളിയുടെ ജീവിതം ഇശലുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ‘വാരിയന്‍ കുന്നത്ത് സീറപ്പാട്ട്’ എന്ന പേരിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പൂര്‍ത്തീകരിച്ചത്.
ഇതിന്റെ ഔദ്യോഗിക പ്രകാശനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുസ്തകമായും റെക്കോര്‍ഡിംഗ് രൂപത്തിലുമായാണ് ഇത് പുറത്തിറങ്ങിയിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായുള്ള റീഡേഴ്‌സ് നെറ്റ് വര്‍ക് എന്ന പ്രസാധാലയം ഈ കൃതി പൊതുജനങ്ങളില്‍ എത്തിക്കും. വാരിയന്‍കുന്നന്‍ എന്ന ധീര ദേശാഭിമാനിയുടെ ചരിത്രം പറയുന്ന ആദ്യത്തെ പാട്ടുകൃതിയാണിത്. മാപ്പിളപ്പാട്ട് ചരിത്രത്തിലെ 5്രശദ്ധേയ കാര്യവുമാണിത്.

നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

www.variyankunnath.com എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ സൗജന്യ ഇബുക്കും ഓഡിയോയും ലഭിക്കും. ഫിറോസ് നാദാപുരത്തിന്റെ സംഗീതത്തില്‍ യുവ ഗായകന്‍ അഷ്‌കറലിയാണ് കൃതിയുടെ റെക്കോര്‍ഡിംഗില്‍ ഗാനം ആലപിച്ചിരിക്കുന്നത്. പരമ്പരാഗതമായ ‘കപ്പപ്പാട്ട്’ ഇശലില്‍ 440 വരികളിലായി എഴുതിയ കൃതിയില്‍ വാരിയന്‍കുന്നത്തിന്റെ ജനനം, ബാല്യം, വിവാഹം, മക്കയിലെ ജീവിതം, രാഷ്ട്രീയം, പോരാട്ടം, മരണം എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തില്‍ വാരിയന്‍ കുന്നത്തിനെ ഇത്ര സൂക്ഷ്മമായി രേഖപ്പെടുത്തിയ മറ്റൊരു കൃതിയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കേവലം കാളവണ്ടിക്കാരനായി മാപ്പിള കവികള്‍ ഇക്കാലമത്രയും ചിത്രീകരിച്ച ഒരു മഹാനായ പോരാളിയുടെ ജീവിതം സോവിയറ്റ് റഷ്യന്‍ നേതാവ് ലെനിന്‍ പോലും അത്ഭുതത്തോടെ പരാമര്‍ശിച്ച കാര്യവും കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇതിഹാസ തുല്യമായ ഒരു ജീവിതത്തെ മറവിയിലേക്ക് തള്ളിയിടാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ സമൂഹത്തില്‍ നടന്നു വരുന്നുണ്ട്. അതിനെ പ്രതിരോധിക്കേണ്ടത് ഒരു ദൗത്യമായി കണ്ടാണ് പ്രസാധകര്‍ ഇത് സൗജന്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.
മുന്‍പ് ‘കുഞ്ഞാലി മരക്കാര്‍ പടപ്പാട്ട്’ എന്ന പേരില്‍ മറ്റുരു കൃതിയും ഈ പ്രവാസിയുടേതായുണ്ട്. മാപ്പിളപ്പാട്ടിലെ പ്രാസ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് രചന പൂര്‍ത്തിയാക്കിയതെന്ന് നസുറുദ്ദീന്‍ പറയുന്നു. മാപ്പിളപ്പാട്ട് വിദഗ്ധന്‍ ഹസ്സന്‍ നെടിയനാടാണ് ഇതിന്റെ സൂക്ഷ്മ പരിശോധന നടത്തിയത്. എ.എം നദ്‌വിയാണ് മുന്‍കയ്യെടുത്ത് മുന്നോട്ടുവന്നത്. ഒ.എം കരുവാരക്കുണ്ട്, ബദറുദ്ദീന്‍ പാറന്നൂര്‍, ഖലീലുല്ലാഹ് ചെംനാട്, തനത് മാപ്പിള കലാ സാഹിത്യ വേദി സെക്രട്ടറി മൊയ്തീന്‍ കുട്ടി ഇരിങ്ങല്ലൂര്‍, ഇശല്‍ മാല സെക്രട്ടറി സുബൈര്‍ വെള്ളിയോട് , ഇഖ്ബാല്‍ മടക്കര, ഇല്യാസ് കടമേരി, വഹീദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പ്രകാശന ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.