കാണ്‍പൂര്‍ വെടിവെപ്പ്; മുഖ്യപ്രതി വികാസ് ദുബേ അറസ്റ്റില്‍

    11

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനെത്തിയ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതിയും ഗുണ്ടാതലവനുമായ വികാസ് ദുബേ പിടിയില്‍. മധ്യ പ്രദേശിലെ ഉജ്ജെയിനിയില്‍ ഒരു ക്ഷേത്രത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസിന് വിവരം കൈമാറിയതായും പ്രതിയെ ഉടന്‍ അവര്‍ക്ക് കൈമാറുമെന്നും മധ്യപ്രദേശ് ഡി.ജി.പി അറിയിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിനെ വിളിച്ച് അറസ്റ്റ് വിവരം ധരിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യക്തമാക്കി.
    അതേസമയം ആറു ദിവസം മുമ്പു നടന്ന വെടിവെപ്പിനു ശേഷം മുങ്ങിയ വികാസ് ദുബേ എങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് മധ്യപ്രദേശില്‍ എത്തി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. മാത്രമല്ല, ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും ഗ്രാമീണര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വെള്ള ടീ ഷര്‍ട്ടും പാന്റും ധരിച്ച് മാസ്‌ക് കൊണ്ട് മുഖംമറച്ച് ഭക്തന്നെ വ്യാജേനയാണ് ദുബേ ക്ഷേത്രത്തിലെത്തിയത്. ആളെ തിരിച്ചറിഞ്ഞ ക്ഷേത്രം ജീവനക്കാര്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാല്‍ പിന്‍വാതില്‍ വഴി ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ദുബേയെ തിരിച്ചറിഞ്ഞ സമീപത്തെ കടക്കാരനാണ് സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചതെന്നും തടയാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദുബേയെ ഇവര്‍ പിടികൂടി വലിച്ചിഴച്ച് ക്ഷേത്രത്തിന് പുറത്തെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നുവെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്. പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന വാദവുമായി യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് രംഗത്തെത്തിയത്.
    ഉജ്ജെയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ നിന്നാണ് പിടിയിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ ഒരു ഹോട്ടലില്‍ വികാസ് ദുബേ ഉള്ളതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. കാണ്‍പൂരില്‍നിന്ന് രാജസ്ഥാനിലെ കോട്ട വഴി ഹരിയാനയിലെ ഫരീദാബാദിലേക്കും അവിടെനിന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയിലേക്കും കാറോടിച്ചാണ് ദുബേ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. നാടുനീളെ വലവിരിച്ചിട്ടും ഒരിക്കല്‍പോലും സംശയിക്കപ്പെടാതെ 1,500 കിലോമീറ്റര്‍ ഇയാള്‍ എങ്ങനെ കാറോടിച്ചു പോയി എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. രണ്ട് കൂട്ടാളികള്‍ മാത്രമാണ് യാത്രയില്‍ ദുബേക്കൊപ്പമുണ്ടായിരുന്നതെന്നാണ് വിവരം.