ഇന്ത്യാ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ വിപുല്‍ നിര്‍ണായക പങ്ക് വഹിച്ചു: ഡോ. ആസാദ് മൂപ്പന്‍

42

ദുബൈ: ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എന്ന നിലയില്‍ വിപുല്‍ ഇന്ത്യക്കും യുഎഇക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം മതസൗഹാര്‍ദത്തോടെ ജീവിക്കാനും യുഎഇയുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലെന്ന നിലയിലുള്ള മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം ന്യൂഡെല്‍ഹിയിലെ വിദേശ കാര്യ സര്‍വീസിലേക്ക് വിപുല്‍ മടങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട് തന്റെ അനുഭവങ്ങള്‍ പങ്കു വെക്കുകയായിരുന്നു ഡോ. ആസാദ്.
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് സമൂഹത്തെ പിന്തുണക്കാനുള്ള അദ്ദേഹത്തിന്റെ സജീവ ഇടപെടലുകള്‍ പ്രശംസനീയമായിരുന്നു. അദ്ദേഹം പദവിയിലുള്ള സമയത്ത് വിവിധ സംരംഭങ്ങളില്‍, പ്രത്യേകിച്ചും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) മേഖലയില്‍ വിപുലിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ആസ്റ്ററിന് ലഭിച്ചിട്ടുണ്ട്.
”ഞാന്‍ കണ്ടതില്‍ ഏറ്റവും വിനയാന്വിതനും എളുപ്പം സമീപിക്കാനാകുന്നതുമായ നയതന്ത്രജ്ഞരിലൊരാളാണ് വിപുല്‍ എന്ന് പറയാനാകും. അദ്ദേഹത്തിന് നന്ദിയര്‍പ്പിക്കുകയും വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഏറ്റവും മികച്ചത് നേരുകയും ചെയ്യുന്നു” -ഡോ. ആസാദ് മൂപ്പന്‍ ആശംസിച്ചു.

ഡോ. ആസാദ് മൂപ്പന്‍