കെഎംസിസി എന്ന നാലക്ഷരം നാനാ ദിക്കുകളിലുമുള്ള നാനാ ജാതി മതസ്ഥര്‍ സദാ ഓര്‍മിക്കുന്ന വിധത്തില്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ന് ശ്രദ്ധേയമായിരിക്കുന്നു. ഇന്നത്തെ പ്രതാപവും ഭൗതിക സാഹചര്യവും അംഗബലവുമില്ലാത്ത സമയത്ത് തന്റെ നിശ്ശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ അബുദാബി കെഎംസിസിയുടെ സേവകനായി പ്രവര്‍ത്തിച്ച അഹ്മദ്ക്ക ചാരിതാര്‍ത്ഥ്യത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. മിഡില്‍ ചന്ദ്രിക യുഎഇയില്‍ പിറവിയെടുത്ത സമയത്ത് അഹ്മദ്ക്കയുടെ സേവനം വലുതായിരുന്നു. പ്രചാരണ പ്രവര്‍ത്തനത്തില്‍ യുഎഇ തലത്തില്‍ അബുദാബിയും സംസ്ഥാന തലത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും മുന്നില്‍ നിന്നപ്പോള്‍, അതിന് മുന്നില്‍ നിന്ന ആലിക്കോയ സാഹിബ്, പി.കെ.കെ അബ്ദുല്ല സാഹിബ്, അഷ്‌റഫ് അണ്ടിക്കോട് തുടങ്ങിയവരോടൊപ്പം അഹമ്മദ്ക്കയും ഉണ്ടായിരുന്നു. നേരം വൈകുവോളം അബുദാബിയിലെ വിവിധ പ്രദേശങ്ങളില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചരണം നടന്നിരുന്നത് എടുത്തു പറയേണ്ടതാണ്. പല മുറികളിലും കടകളിലും വളരെ സമയം ചെലവഴിച്ചാലായിരിക്കും അന്ന് ഒരു വരിക്കാരനെ ചേര്‍ക്കാനാവുക. ഡ്യൂട്ടി കഴിഞ്ഞാല്‍ തന്റെ പ്രസ്ഥാനത്തിന്റെ ജിഹ്വയായ ചന്ദ്രികയുടെ മരുഭൂമിയിലെ താരോദയത്തെ നെഞ്ചേറ്റി അത് മാലോകര്‍ക്ക് എത്തിച്ച അനുഭൂതിയും അനുഭവവും സ്‌നേഹത്തോടെ ഓര്‍മിക്കുന്നു അഹമ്മദ്ക്ക. ഇതിനിടക്ക് ഒരു അപകടം സംഭവിച്ച് നാട്ടില്‍ ദീര്‍ഘ വിശ്രമ ജീവിതം നയിക്കേണ്ടി വന്നു. ശേഷം അബുദാബിയില്‍ തിരിച്ചെത്തിയെങ്കിലും പഴയ രൂപത്തിലുള്ള പ്രവര്‍ത്തന സജീവതയില്‍ വരാനാവാത്തതിനാല്‍ പുതുതലമുറക്ക് അഹ്മദ്ക്കയെ അറിയാതെ പോയി.
കെഎംസിസി മെംബര്‍ഷിപ് പ്രവര്‍ത്തന സമയത്തും അഹമ്മദ് ക്കയുടെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. അറബ് ഉദ്യോഗസ്ഥരുമായി അറബിയില്‍ സംസാരിച്ച് അറബി ഭാഷ അറിയാത്തവരെ സഹായിക്കുന്നതില്‍ അഹമ്മദ്ക്ക പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
നീണ്ട പ്രവാസ ജീവിതത്തിന് ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ് അഹമ്മദ്ക്ക. വന്ദേ ഭാരത് മിഷന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് കിട്ടിയിട്ടും താന്‍ സ്‌നേഹിക്കുന്ന പ്രസ്ഥാനം ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ തന്നെ നാട്ടില്‍ പോകണമെന്ന ഉല്‍ക്കടാഗ്രഹം സഫലീകരിച്ചാണ് അഹമ്മദ്ക്ക ജൂലൈ 22ന് നാട്ടിലേക്ക് മടങ്ങുന്നത്.
അഹമ്മദ്ക്കയുടെ ശിഷ്ട ജീവിതം നാട്ടില്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയുമായിരിക്കട്ടെയെന്ന ആത്മാര്‍ത്ഥ പ്രാര്‍ത്ഥനയോടെയാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഹൃദയപൂര്‍വം യാത്രാ മംഗളം നേരുന്നത്.