തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും യുവ കലാ സാഹിതി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഒരുക്കി

62

ദുബൈ: നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ച് വിമാന സര്‍വീസ് ലഭിക്കാതിരുന്ന തൊഴില്‍ നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും സന്ദര്‍ശക വിസയില്‍ വന്ന് മടങ്ങാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് വേണ്ടി യുവ കലാ സാഹിതി ഒരുക്കിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പ്രവാസികളെ എത്തിച്ചതായി യുവ കലാ സാഹിതി ഷാര്‍ജ ഘടകം പ്രസിഡന്റ് ജിബി ബേബി, സെക്രട്ടറി സുബീര്‍ എരോള്‍, ട്രഷറര്‍ രാജേഷ്, ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയംഗം പ്രദീഷ് ചിതറ എന്നിവര്‍ അറിയിച്ചു. യുവ കലാ സാഹിതി സംഘടനാ കമ്മിറ്റി സെക്രട്ടറിമാരായ ദിലീപ് വി.പിയും ബിജു ശങ്കറുമാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചത്.
നാട്ടിലെത്തിയ പ്രവാസികള്‍ യുവ കലാ സാഹിതി ഒരുക്കിയ സജ്ജീകരണങ്ങളില്‍ തങ്ങളുടെ സംതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. 15 മുതല്‍ 20 ശതമാനം വരെ യാത്രക്കാര്‍ സൗജന്യമായോ സൗജന്യ നിരക്കിലോ ആണ് യാത്ര ചെയ്തത്. നിലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതിനാലും സാധാരണ സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാലും താല്‍ക്കാലികമായി യുവ കലാ സാഹിതി ഈ ഉദ്യമം നിര്‍ത്തിവെച്ചു. ഭാവിയില്‍ ആവശ്യമായി വന്നാല്‍ ദൗത്യം പുനരാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകമെമ്പാടും പടര്‍ന്നു പിടിച്ച സമയം മുതല്‍ ശ്രദ്ധേയമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആണ് യുവ കലാ സാഹിതിയുടെ ഷാര്‍ജ ഘടകം നടത്തിവന്നത്. അതിന്റെ ഭാഗമായി ഭക്ഷണക്കിറ്റ് വിതരണവും അവശ്യ സാധനങ്ങള്‍ എത്തിക്കലും മരുന്നും സമാശ്വാസവും നല്‍കി രോഗികള്‍ക്ക് സാന്ത്വനമേകാനുമൊക്കെ സംഘടന നിരന്തരം രംഗത്തുണ്ടായിരുന്നു. ഇതിനോടൊപ്പം തന്നെ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെയും നോര്‍ക കോള്‍ സെന്ററിന്റെയും പ്രവര്‍ത്തനങ്ങളില്‍ യുവ കലാ സാഹിതിപ്രവര്‍ത്തകര്‍ സജീവമായിരുന്നു.