ചാര്‍ട്ടേഡ് വിമാനം പറത്തി യുവാക്കള്‍ മാതൃകയായി

317

റാഷിദ് എടത്തോട്
അബുദാബി: കഠിനാധ്വാനത്തിലൂടെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ചാര്‍ട്ടേര്‍ഡ് വിമാനം പറത്തി 176 പേരെ മലയാളക്കരയലെത്തിച്ച ആഹ്‌ളാദത്തിലാണ് നമ്പ്യാര്‍ കൊച്ചി ഗ്രാമവാസികള്‍.
കാഞ്ഞങ്ങാടിന്റെ മലയോര മേഖലയില്‍ നിന്നുള്ള ഏതാനും യുവാക്കളാണ് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ മലയാളക്കരയിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ആസൂത്രണം ചെയ്തത്.
ഇതനുസരിച്ച്, നമ്പ്യാര്‍ കൊച്ചി മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന നൂറിലേറെയാളുകള്‍ രണ്ടു ദിവസത്തിനകം പേര് രജിസ്റ്റര്‍ ചെയ്തു. പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്ന് തുടര്‍ ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍ കോളുകള്‍ നടത്തേണ്ടി വന്നു. ഇതിനിടെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ദിനേന നിയമങ്ങള്‍ മാറ്റിക്കൊണ്ടിരുന്നത് ആശങ്ക പരത്തി.
പ്രതിസന്ധിയിലും മുഴുവന്‍ സീറ്റിലും യാത്രക്കാരെ ഇരുത്തി ഫ്‌ളൈ ദുബൈ വിമാനം പറന്ന് കണ്ണൂരിന്റെ മണ്ണില്‍ മുത്തമിട്ടത് യുവാക്കള്‍ക്ക് നല്‍കിയ ആശ്വാസവും ആഹ്‌ളാദവും ചെറുതല്ല. ടിക്കറ്റിന് പോലും വഴിയില്ലാതായ രണ്ടു പേര്‍ക്ക് സൗജന്യ യാത്രയും ഇവര്‍ നല്‍കിയിരുന്നു.
കെഎംസിസി പ്രവര്‍ത്തകരായ അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി, ഇര്‍ഷാദ് നമ്പ്യാര്‍ കൊച്ചി, ബഷീര്‍ മാലോം, ഇഖ്ബാല്‍ പരപ്പ, താജുദ്ദീന്‍ കാരാട്ട്, മുഹ്‌സിന്‍ കനകപ്പള്ളി, നിസാര്‍ എടത്തോട്, സാബിത്ത് എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍. എയര്‍പോര്‍ട്ടിലെത്തിയവരെ യാത്രയയക്കാനും പിപിഇ കിറ്റുകളും ലഘുഭക്ഷണങ്ങളും നല്‍കാനും എത്തിയത് ‘ഈ നേതാക്കള്‍’ തന്നെയായിരുന്നു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയായ കെഎംസിസി 200ലേറെ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് പറത്തിയെങ്കിലും മാതൃസംഘടനയായ മുസ്‌ലിം ലീഗിന്റെ പേരില്‍ വിമാനം പറത്തിയ ഏക കമ്മിറ്റിയെന്ന നിലയിലും, കുടുങ്ങിയവരെ സുഖമായി എത്തിച്ചതിലും അഭിമാനം കൊള്ളുകയാണ് നമ്പ്യാര്‍ കൊച്ചി ഗ്രാമത്തിലെ ലീഗ് പ്രവര്‍ത്തകര്‍.