അത് വെറും ശ്വാസമായിരുന്നില്ല ജീവിതത്തിലേക്കുള്ള വിളിയായിരുന്നു

69

സര്‍വ്വ ശക്തിയും സംഭരിച്ച് ആ ശ്വാസമെടുക്കുമ്പോള്‍ റിയാസ് അറിഞ്ഞു കാണില്ല ഇത് ജീവിതത്തിലേക്കുള്ള ആയുസിന്റെ വിളിയാണെന്ന്. സൈഡ് വിന്റോക്ക് സമീപത്തിരുന്ന റിയാസ് വിമാനം ലാന്റ് ചെയ്യാന്‍ പോകുന്നത് മനസ്സിലാക്കിയിരുന്നു.എന്നാല്‍ ഇതിനു മുമ്പൊന്നുമില്ലാത്ത രീതിയില്‍ എങ്ങോട്ടോ തെന്നി മറിപ്പോകുന്നത് പോലെ തോന്നിയിരുന്നു. മുഖത്ത് പരിഭ്രാന്തിപടര്‍ത്തി അടുത്തുള്ളവരെ നോക്കുമ്പോള്‍ അവരും സീറ്റില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. പെട്ടെന്നാണ് കനത്ത ശബദത്തോടെ എന്തോ വന്ന് റിയാസിന്റ നെഞ്ചിലും തലയ്ക്കു മടിക്കുന്നത്. സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ കഴിയുന്നില്ല.
ഒന്നും കാണാന്‍ സാധിക്കുന്നുമില്ല. ശ്വാസം മുട്ടാന്‍ തുടങ്ങിയപ്പോള്‍ പടച്ചവനെ വിളിച്ച് ഒന്നു കൂടെ അനങ്ങാന്‍ ശ്രമിച്ചപ്പോള്‍ മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ ശ്വാസം കിട്ടിയപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയത് പോലെ തോന്നി. തൊട്ടടുത്ത് നിന്ന് കൂട്ട നിലവിളികള്‍. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ ആര്‍ത്ത നാദങ്ങള്‍ കേള്‍ക്കാമായിരുന്നു.എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ സമയം കടന്നു പോകുന്നു. കൈയും കാലും അനക്കാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല. ഇടക്ക് ആരൊക്കെയോ വന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാചയപ്പെടുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂറാണ് ഇങ്ങനെ കഴിച്ചുകൂട്ടിയത്.
ഫയര്‍ ഫോഴ്‌സെത്തി വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തുമ്പോള്‍ നിലയ്ക്കാത്ത നിലവിളി ശബദങ്ങള്‍ക്കിടയില്‍ വിറങ്ങലിച്ചു പോയിരുന്നു. അയൊന്‍ മറന്നു പോയ ഏതോ ഒരു ദ്വാരത്തിലൂടെ ശ്വാസം കിട്ടിയത് പടച്ചവന്റെ അപാരമായ അനുഗ്രഹമായി കാണുകയാണ് യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് റിയാസ് പറയുന്നു. ഓമശ്ശേരി വെളിമണ്ണ കുറുഞ്ചോലക്കണ്ടി അബൂബക്കറിന്റെ മകനായ റിയാസ് ആറു മാസം മുമ്പാണ് ദുബൈയിലേക്ക് പോയത്.തലക്കും നെഞ്ചിലും വേദനയുള്ള റിയാസ് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയത സ്ത്രീ മരിച്ച വിവരം ആസ്പത്രി കിടക്കയില്‍ വെച്ചാണ് റിയാസ് അറിയുന്നത്. ഇത്രയും വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല റിയാസിനും കുടുംബത്തിനും ഇപ്പോഴും.