അപകടം കനത്ത മഴക്കിടെ; മംഗലാപുരം മോഡലില്‍

113
അപകടത്തില്‍പ്പെട്ട വിമാനം റണ്‍വേക്ക് പുറത്ത് മതില്‍ ഇടിച്ച് തകര്‍ത്ത നിലയില്‍

വിമാനത്തിന് തീപ്പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി

കോഴിക്കോട്: അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത് രാത്രി 7.41 ഓടെ. റണ്‍വേയില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് രണ്ടായി പിളര്‍ന്ന വിമാനത്തിന് തീ പിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മംഗലാപുരത്ത് ഒന്നര പതിറ്റാണ്ടു മുമ്പുണ്ടായ വിമാന ദുരത്തില്‍ വിമാനം ഒരു തീഗോളമായതാണ് പലരുടെയും മനസ്സില്‍ മിന്നി. എന്നാല്‍ അപകടത്തിന് കാരണമായ കനത്ത മഴ തീപിടുത്തം ഒഴിവാക്കുകയായിരുന്നു.
2010 മെയ് 22നു മംഗലാപുരത്തുണ്ടായ വിമാന അപകടത്തില്‍ 158 പേരാണ് മരിച്ചത്. രണ്ടു പേര്‍ രക്ഷപ്പെട്ടു. എന്നാല്‍, ഇന്നലെ 190ല്‍ 120 പേര്‍ക്കും സാരമായ പരിക്കുകളൊന്നും സംഭവിക്കാതിരുന്നത് തീപിടത്തം ഉണ്ടാവാത്തതിനാലാണ്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ഥിച്ചു. പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി. സമീപ ജില്ലകളില്‍നിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളും അപകട സ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെയെല്ലാം അതിവേഗം ആശുപത്രിയിലേക്ക് അയയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിലൂടെയും അപകടത്തില്‍പ്പെട്ട വിമാനം പതിച്ച വിമാനത്താവളത്തിന്റെ പിന്‍ഭാഗത്തുകൂടെയും ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് കൊണ്ടുപോയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉടന്‍തന്നെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ സേന ഉടന്‍തന്നെ സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഹെല്‍പ്പ് സെന്ററുകള്‍ ഷാര്‍ജയിലും ദുബായിലും തുറന്നിട്ടുണ്ടെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് 0495 2376901 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രി എ.സി മൊയ്തീനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരങ്ങള്‍ ആരാഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 056 546 3903, 0543090572, 0543090572, 0543090575 എന്നീ നമ്പറുകളില്‍ വിവരങ്ങള്‍ അറിയാമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.