അലയടിച്ച് സ്പീക്ക് അപ് കേരള ക്യാമ്പയിന്‍;മുഖ്യമന്ത്രിയുടെ രാജിക്ക് മുറവിളി

സ്വര്‍ണ കള്ളക്കടത്ത് കേസിലും സര്‍ക്കാരിന്റെ അഴിമതിക്കുമെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സ്പീക്ക് അപ് കേരള ക്യാമ്പയിന്റെ ഭാഗമായി മലപ്പുറത്തെ വസതിയില്‍ സത്യഗ്രഹ സമരമിരിക്കുന്ന മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

പിണറായി സര്‍ക്കാറിന്റെ തണലില്‍ കള്ളക്കടത്തുകാരും
അഴിമതിക്കാരും പടര്‍ന്ന് പന്തലിക്കുന്നു:

പി.കെ കുഞ്ഞാലിക്കുട്ടി

അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും രാജിക്കുവേണ്ടി മുറവിളി ശക്തമാകുന്നു. സ്പ്രിങ്കഌ വിവാദത്തോടെ തുടങ്ങിയ ആരോപണങ്ങളുടെ ഘോഷയാത്ര സ്വര്‍ണക്കടത്തും ട്രഷറി തട്ടിപ്പുമായി ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോഴാണ്്, സര്‍ക്കാറിനെതിരെ പ്രതിപക്ഷവും പോരാട്ടത്തിന് ശക്തി കൂട്ടുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഉള്‍പ്പെടെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സ്പീക്ക് അപ് കേരള ക്യാമ്പയിനിലൂടെ പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തിറങ്ങിയത്.
യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരമിരുന്നാണ് ക്യാമ്പയിനില്‍ കണ്ണികളായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വസതിയില്‍നിന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ആസ്ഥാനത്തുനിന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വസതിയില്‍നിന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കോഴിക്കോട്ടെ സമരപ്പന്തലില്‍നിന്നും ക്യാമ്പയിനില്‍ പങ്കാളികളായി. ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വസതികളില്‍ സത്യഗ്രഹമിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലും സത്യഗ്രഹം ഇരുന്നു.
പിണറായി സര്‍ക്കാറിന്റെ തണലില്‍ കള്ളക്കടത്തുകാരും അഴിമതിക്കാരും പടര്‍ന്ന് പന്തലിച്ചെന്നും സകല മേഖലകളിലും പരാജയപ്പെട്ട ഇടത് സര്‍ക്കാറിന് തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ക്രെഡിറ്റ് മാത്രം ലക്ഷ്യം വെച്ചുള്ള നടപടികള്‍ കാരണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിടിവിട്ടെന്നും തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവരെ ആര്‍.എസ്.എസ് ആക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസും സര്‍ക്കാര്‍ അഴിമതിയും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള യു.ഡി.എഫ് സ്പീക്ക്അപ്പ് കാമ്പയിനിന്റെ ഭാഗമായി നടത്തിയ സത്യഗ്രഹ സമരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അഭിമുഖീകരിക്കുന്ന കോവിഡ് പ്രശ്‌നം വളരെ രൂക്ഷമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രതിപക്ഷം തുടക്കം മുതല്‍ പറഞ്ഞകാര്യമാണ് ഈ പോക്ക് ശരിയല്ല എന്നത്. വേണ്ട രീതിയില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് പകരം ഉള്ളത് വെച്ച് മാര്‍ക്കറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ താല്‍പര്യം കാട്ടിയതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. അഴിമതിയുടെ തുടര്‍ക്കഥമാത്രമാണ് നാലുവര്‍ഷം പൂര്‍ത്തിയായ സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്പീക് അപ് കേരളയുടെ ഭാഗമായി യു.ഡി.എഫ് നേതാക്കളുടെ സത്യഗ്രഹ സമരം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍മുഖ്യമന്ത്രി ജനകോടികള്‍ക്കിടയിലായിരുന്നെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി കോടികള്‍ക്കിടയിലാണ് ജീവിക്കുന്നതെന്നും അഴിമതിയെന്ന മാരക രോഗം അത്രമേല്‍ പിണറായി സര്‍ക്കാറിനെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.