എയിംസ് കാസര്‍കോടിന് വേണം ജില്ലാ സൈക്കിള്‍ പ്രയാണത്തിന് തുടക്കം

എയിംസ് ആവശ്യവുമായി ബേക്കല്‍ സൈക്ലിംഗ് ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാ പ്രയാണത്തിന്റെ ഉദ്ഘാടനം ബേക്കല്‍ കോട്ടയുടെ മുന്‍വശത്ത് നടത്തുന്നു

ബേക്കല്‍: കേരളത്തിനുള്ള എയിംസ് അടിസ്ഥാനപരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ തന്നെവരണമെന്ന ആവശ്യമുന്നയിച്ച് ബേക്കല്‍ സൈക്ലിംഗ് ക്ലബ് ജില്ലാ പ്രയാണം ആരംഭിച്ചു. വിദഗ്ധ ചികിത്സക്ക് മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന ജില്ലയില്‍ കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് അനവധി രോഗികളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. എയിംസ് കാസര്‍കോട് തന്നെ വരണമെങ്കില്‍ ആദ്യം ജനങ്ങള്‍ അതിനെക്കുറിച്ച് ബോധവാന്മാരാകണം. ഇതിനുവേണ്ടി മഞ്ചേശ്വരം മുതല്‍ കരിവെള്ളൂര്‍ വരെ സൈക്കിള്‍ ചവിട്ടി നിശ്ചിത പോയിന്റുകളില്‍ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുകയാണ് ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം ബേക്കല്‍ കോട്ടക്ക് സമീപം നിര്‍വഹിച്ചു. ന്യൂ നോര്‍മല്‍ കാലത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് ചെയ്യാനാവുന്ന ഏറ്റവും മികച്ച കായിക വിനോദമാണ് സൈക്ലിംഗ്. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി സൈക്കിള്‍ ചവിട്ടുന്ന ശീലം യുവാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ബേക്കല്‍ സൈക്ലിംഗ് ക്ലബ് പുത്തന്‍ പദ്ധതികള്‍ വരുംദിവസങ്ങളില്‍ ആവിഷ്‌കരിക്കുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ചെറുസംഘങ്ങളായും ഒറ്റക്കും ദിനേന സൈക്കിള്‍ റൈഡുകള്‍ നടത്തുന്നുണ്ട്.