ഐ.പി.എല്‍ സെപ്തംബര്‍ 19 മുതല്‍ യു.എ.ഇയില്‍

42

ന്യൂഡല്‍ഹി:കോവിഡ് കാരണം നീട്ടിവെക്കപ്പെട്ട ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്. സെപ്തംബര് 19ന് തുടങ്ങി നവംബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലാണ് പുതുക്കിയ ഷെഡ്യൂള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ യോഗം ഈയാഴ്ച്ച ചേരുന്നുണ്ട്. തിയ്യതികള്‍ അന്തിമമായി ഈ യോഗത്തില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. 51 ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കാര്യം എല്ലാ ടീമുകളെയും അറിയിച്ചതായി മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് മാറ്റിയ സാഹചര്യത്തിലാണ് ഐ.പി.എല്‍ കാര്യം പുനരാലോചനക്ക് വിധേയമായതും യു.എ.ഇ യുടെ സന്നദ്ധത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് തുണയായതും. കോവിഡ് സാഹചര്യത്തില്‍ ഏതെല്ലാം താരങ്ങളുടെ സാന്നിദ്ധ്യമുണ്ടാവും ചാമ്പ്യന്‍ഷിപ്പിന് എന്നത് വ്യക്തമല്ല. അത് വരും ദിവസങ്ങളില്‍ വ്യക്തമാവും.