ഓര്‍മകള്‍ വഴികാട്ടികളാണ്‌

29

പാണാക്കാട് സയ്യിദ് മു്ഹമ്മദലി ശിഹാബ്തങ്ങള്‍ ഓര്‍മയായിട്ട് 2020 ആഗസ്ത് 1ന് 11 വര്‍ഷം പിന്നിടുന്നു

പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍

മൂത്താപ്പയെ ( ശിഹാബ് തങ്ങള്‍) കുറിച്ചുള്ള ഓര്‍മകള്‍, ജീവിതത്തില്‍ അനുഭവിക്കാനായ നിമിഷങ്ങള്‍ കൂടുതലൊന്നുമില്ലെങ്കിലും ഉള്ള ഓര്‍മകള്‍ക്കിന്നും തിളക്കമേറെയാണ്. ഇന്നും ആ ജീവിതം ഒരു തുറന്ന പാഠപുസ്തകമെന്നപോലെ വഴികാട്ടിയായി കൂടെ നില്‍ക്കുന്നുണ്ട്, പ്രതിസന്ധി വേളകളില്‍ തണലൊരുക്കുന്നുണ്ട്, ജീവിതകാലത്തേക്കു മുഴുവനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുന്നുണ്ട്.
മൂത്താപ്പയുടെ വിയോഗ സമയത്ത് എനിക്കു വെറും പത്തു വയസ്സുമാത്രമായിരുന്നു പ്രായം. വ്യക്തമായ ചിത്രങ്ങള്‍ കൂടുതലൊന്നും ഓര്‍മയില്ലെങ്കിലും മൂത്താപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആര്‍ക്കുമെന്ന പോലെ സമുദായത്തിന് വേണ്ടി രാപകല്‍ ഭേദമന്യേ ഓടിനടന്ന ഒരുത്തമ വ്യക്തിത്വത്തമാണ് എന്റെയും മനസ്സില്‍ കടന്നുവരുന്നത്. തിരക്കുപിടിച്ച ആ ജീവിതം എല്ലാവരെക്കാളും കൗതുകത്തോടെ ഞങ്ങള്‍ നോക്കിക്കണ്ടിരുന്നു.
മൂത്താപ്പയെക്കുറിച്ച് അനുഭവിച്ചറിഞ്ഞതിലേറെ ഓര്‍മകള്‍ പിതാവില്‍ നിന്നും മറ്റും കേട്ടറിഞ്ഞതായിരുന്നു. മൂത്താപ്പയെക്കുറിച്ച് പറയുമ്പോഴൊക്കെ പിതാവിനെ ഏറെ ഉത്സാഹിയായും ഒപ്പം ആ തണല്‍ നീങ്ങിപ്പോയതില്‍ വികാരഭരിതനായും കാണാമായിരുന്നു. വല്ലിപ്പ പൂക്കോയ തങ്ങളുടെ പാത അതേപടി പിന്തുടര്‍ന്ന് തലമുറകള്‍ക്ക് വെളിച്ചം പകരാനും മാതൃക സൃഷ്ടിക്കാനും മൂത്താപ്പാക്ക് സാധിച്ചിരുന്നു.
മൂത്താപ്പയെ കുറിച്ചുള്ള ഓര്‍മകളില്‍ ഏറെ പ്രോജ്വലിച്ചു നില്‍ക്കുന്നതാണ് 2007ല്‍ ഒരു പ്രളയ കാലത്ത് നമ്മുടെ വീട്ടില്‍ വെള്ളം കയറിപ്പോള്‍ മൂത്താപ്പ ഇടപെട്ട വിധം. കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും കേരളത്തിലങ്ങോളമിങ്ങോളം ഓടിനടക്കേണ്ടി വരുന്നതിനിടയിലും കുടുംബത്തിന്റെ ഒരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ വേണ്ടവിധം ഇടപെട്ട് കാര്യങ്ങളൊക്കെ ചെയ്യുന്നതില്‍ മൂത്താപ്പ കാണിച്ചിരുന്ന ആവേശവും ഉത്സാഹവും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസത്തിന് മൂത്താപ്പ നല്‍കിയ പ്രാധാന്യമാണ് ഏറെ ചിന്തിപ്പിച്ച, തലമുറകള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന മറ്റൊരു ഘടകം. എസ്.എസ്.എല്‍.സി പഠനം തന്നെ വലിയൊരു അംഗീകാരമായി കണ്ടിരുന്ന കാലത്ത് ഏറ്റവും പ്രാധാന്യം വിദ്യാഭ്യാസമുള്ള ഒരു മനുഷ്യനായിരിക്കുയാണെന്ന വലിയൊരു സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈജിപ്തിലെ വിശ്വപ്രസിദ്ധ കലാലയമായ അല്‍ അസ്ഹറില്‍ ചെന്ന് പഠനം നടത്തിയത് ആ ജീവിതത്തില്‍ നിന്ന് നാം ഉള്‍കൊള്ളേണ്ട വലിയൊരു പാഠമാണ്.
മൂത്താപ്പയെക്കുറിച്ച് എഴുതുന്ന വാക്കുകളില്‍ ആ ജീവിതം സാധ്യമാക്കിയ മതമൈത്രി വിപ്ലവം പറയാത്ത എഴുത്തുകള്‍ അപൂര്‍ണമാണെന്നത് വസ്തുതയാണ്.
കേരളം കലാപ ഭൂമിയാകുമായിരുന്ന പല ഘട്ടങ്ങളിലും മൂത്താപ്പ നടത്തിയ ഇടപെടലുകള്‍ ചരിത്രപരമായിരുന്നു. മത ജാതി വര്‍ഗ വര്‍ണങ്ങള്‍ക്കപ്പുറത്ത് എല്ലാവര്‍ക്കും ഒരുപോലെ മൂത്താപ്പ സ്വീകാര്യനാകുന്നതും അവിടെയാണ്. മതപരമായും രാഷ്ട്രീയപരമായും മറ്റെല്ലാ വിധത്തിലും ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും വിനയവും എളിമയും കൈമുതലാക്കിയ അത്യപൂര്‍വം യുഗപുരുഷന്മാരെ ആ ജീവിതത്തില്‍ നമുക്ക് വ്യക്തമായി ദര്‍ശിക്കാവുന്നതാണ്.
സന്ദര്‍ശകരുടെ ബാഹുല്യത്താല്‍ കൊടപ്പനക്കല്‍ തറവാട് വീര്‍പ്പുമുട്ടുമ്പോഴും എല്ലാവര്‍ക്കും അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കി ഒരാളെ പോലും നിരാശനാക്കാതിരിക്കാന്‍ മൂത്താപ്പ കാണിച്ച കരുതല്‍ കൊണ്ടു തന്നെയാണ് ഇന്നും ജനമസ്സുകളില്‍ ആ ഓര്‍മകള്‍ അമരസ്മരണകളായി മാറുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തലമുറകളിലൂടെ ജീവിക്കുന്നത്. സമുദായത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയപ്പോള്‍ സമുദായത്തിലൂടെ ആ ഓര്‍മകളെ ജീവിപ്പിക്കുകയായിരുന്നു ദൈവംതമ്പുരാന്‍.
തലമുറകള്‍ക്ക് വെളിച്ചം തീര്‍ത്ത ആ ജീവിതം മാതൃകയാക്കി സുകൃത ജീവിതം നയിക്കാനും അവരോടൊപ്പം സ്വര്‍ഗലോകത്ത് സമ്മേളിക്കാനും നാഥന്‍ തുണക്കട്ടെ… അമീന്‍ യാറബ്ബല്‍ ആലമീന്‍!