കനത്ത മഴയില്‍ വ്യാപകനാശനഷ്ടം

7
കനത്തമഴയില്‍ വെള്ളം കയറിയ വെണ്ണിയോട് വയല്‍

മാനന്തവാടി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കെടുതികളും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീടിനു മുകളില്‍ വീണു. ആറാം മൈല്‍ കുണ്ടാല മൂന്നാംപ്രവന്‍ ബഷീര്‍ എന്നയാളുടെ വീടിന് സമീപത്തെ കാട്ടുവാകയാണ് വീടിനു മുകളിലേക്ക് മറിഞ്ഞു വീണത്. സംഭവത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചതൊഴിച്ചാല്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്സ് സംഘം വന്നു മരം മുറിച്ചു നീക്കി. മാനന്തവാടി മൈസൂര്‍ റോഡില്‍ വിന്‍സെന്റ്ഗിരിയില്‍ മരത്തിന്റ് ശിഖിരങ്ങള്‍ പൊട്ടി വൈദ്യുതി ലൈനിലേക്കും റോഡിലെക്കും വീണു. ഭാഗികമായി ഗതാഗത തടസം അനുഭവപ്പെട്ടതിനെ പുറമെ മണിക്കുറുകളോളം പ്രദേശത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു, ഇല്ലത്ത് വയലില്‍ മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണു, പരിയാരം കുന്നില്‍ വീടിന് മുകളിലേക്ക് മരം വീണു, കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്തമഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ് മാനന്തവാടി തോണിച്ചാല്‍ കോളജ് സ്റ്റോപ്പിന് സമീപത്തെ കട്ടൂപ്പാറയില്‍ ഷാജിയുടെ വീടിനും നാശനഷ്ടം സംഭവിച്ചു. അതേസമയം, മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാകുന്ന പൊഴുതന ഗ്രാമപഞ്ചായത്തിലെ കുറിച്യാര്‍മല, സമീപപ്രദേശങ്ങളായ മേല്‍മുറി, വലിയപാറ, സേട്ടുക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാറിത്താമസിക്കാന്‍ കഴിയാത്തവര്‍ക്ക് ക്യാപുകള്‍ ഏര്‍പ്പെടുന്നതിനും പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഈ പ്രദേശത്തെ 200 ഓളം കുടംുബങ്ങള്‍ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് കണ്ട് വിവിധയിടങ്ങളിലേക്ക് മാറിയിരുന്നു. നിലവില്‍ പൊഴുതനയിലെ പത്ത് വാര്‍ഡുകള്‍ കണ്ടൈന്റ്മെന്റ് സോണിലാണ്. ഈ സാഹചര്യത്തില്‍ മാറ്റിതാമസിപ്പിക്കലടക്കം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് വയലിലും കനത്തമഴയില്‍ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വൈത്തിരി ലക്കിടി അറമല കോളനിയിലെ 18 കുടുംബങ്ങളെയും, വൈ ത്തിരി അയ്യപ്പന്‍കുന്ന് കോളനിയിലെ 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ പ്രദേശമാണിത്.വെള്ളമുണ്ട: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പഴഞ്ചന ആലാന്‍പോക്കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോട്ടോറടക്കം ഇടിഞ്ഞുതാഴ്ന്നത്. 36 റിംഗ്ആഴമുള്ള കിണര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുനെല്ലിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നിട്ടറ കോളനിയിലെ 7 കുടുംബങ്ങളിലെ 24 ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തിരുനെല്ലി ഗവ: ഹൈസ്‌കുളില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റവന്യൂ, ട്രൈബല്‍ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വാളാരംകുന്ന് കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോളനിയിലെ 16 കുടുംബങ്ങളില്‍ നിന്നുള്ള 75 പേരെ കേമ്പിലേക്ക് മാറ്റി. 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ കോളനി നിവാസികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.