കരിപ്പൂരില്‍ വന്‍ ദുരന്തം

ദുരന്താവശിഷ്ടം..... കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി റണ്‍വേയില്‍ നിന്നും തകര്‍ന്നു വീണ് രണ്ടായി പിളര്‍ന്ന നിലയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ മുന്‍ഭാഗം

പി.വി ഹസീബ് റഹ്മാന്‍
കരിപ്പൂര്‍

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ച് വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റും സഹ പൈലറ്റും അടക്കം രാത്രി പതിനൊന്ന് മണി വരെ പതിനാറ് പേര്‍ മരിച്ചു. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠോ, സഹ പൈലറ്റ് അഖിലേഷ് എന്നിവരുടെ മരണം സ്ഥിരീകരിച്ചു. നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രികലിലും കോഴക്കോട് മെഡിക്കല്‍ കോളജിലുമായി ചികില്‍സയിലാണ്. . 10 കുട്ടികളും 174 മുതിര്‍ന്ന യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 7.41 മണിയോടെയാണ് സംഭവം. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു, ടി.വി ഇബ്രാഹീം എം.എല്‍,എ, പി. അബ്ദുള്‍ ഹമീദ് എം.എല്‍ എ എന്നിവരടക്കം നൂറ് കണക്കിനാളുടെ സജീവ രക്ഷാപ്രവര്‍ത്തനമാണ് നിരവധി പേര്‍ക്ക് തുണയായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റ് ആസ്പത്രികളിലുമായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ, എ പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ടേബിള്‍ ടോപ് വിമാനത്താവളമായതിനാല്‍ ലാന്‍ഡിങ്ങിനിടെ തെന്നിമാറിയ വിമാനം കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡയരക്ടറേറ്റ് ഒാഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വരേണ്ട മറ്റ് വിമാനങ്ങള്‍ കണ്ണൂരിലേക്ക് മാറ്റി വിട്ടു. ( പേജ് 4,5,8 കാണുക)