കരിപ്പൂര്‍ വിമാന ദുരന്തം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍

വ്യോമയാനമന്ത്രി പ്രഖ്യാപിച്ചത് വിമാനകമ്പനിയുടെ ധനസഹായമെന്ന് ആക്ഷേപം

രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരകള്‍ക്ക് ഒരു ചില്ലിക്കാശ് പോലും ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍. രണ്ട് കേന്ദ്ര മന്ത്രിമാര്‍ അപകട സ്ഥലം സന്ദര്‍ശിച്ചിട്ടും വിമാനകമ്പനി നിശ്ചയിച്ച ധനസഹായത്തിലപ്പുറം കേന്ദ്രസര്‍ക്കാറിന്റേതായി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വസ്തുത. മംഗലാപുരം ദുരന്തത്തിലടക്കം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങിന്റെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികള്‍ നല്‍കിയ ചരിത്രം മുന്നിലുള്ളപ്പോഴാണ് ഈ മൗനം. കാലങ്ങളായി കരിപ്പൂരിനോട് തുടരുന്ന അവഗണയുടെ ബാക്കിപത്രമാണ് ദുരന്തത്തെ തുടര്‍ന്നും സംഭവിച്ചിട്ടുള്ളത് എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍.
അപകടം നടന്നതിന് പിറ്റേദിവസം ശനിയാഴ്ച രാവിലെയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, സഹ മന്ത്രി വി. മുരളീധരന്‍, എയര്‍ഇന്ത്യ എം.ഡി രാജീവ് ബെന്‍സാല്‍ എന്നിവരടങ്ങുന്ന സംഘം കരിപ്പൂര്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരപരുക്കേറ്റവര്‍ക്ക് അര ലക്ഷവും പ്രഖ്യാപിച്ചിരുന്നു. താല്‍കാലികാശ്വാസം എന്ന നിലയില്‍ പ്രഖ്യാപിച്ച ഈ തുക വിമാന കമ്പനിയായ എയര്‍ഇന്ത്യ നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി അന്ന് വ്യക്തമാക്കിയത്. സഹായം കേന്ദ്രസര്‍ക്കാറിന്റെതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ല എയര്‍ഇന്ത്യുടെയും ഫണ്ടാണെന്ന് മന്ത്രി അടിവരയിടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പോലും പത്ത് ലക്ഷം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് പിന്നീടുണ്ടാവുമെന്നാണ് മന്ത്രിയുടെ വാക്കില്‍ നിന്നും പലരും ധരിച്ചത്. എന്നാല്‍ ദുരന്തം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും യാതൊരു പ്രഖ്യാപനവുമില്ലെന്നാണ് വസ്തുത.
2010 മെയ് 22ന് നടന്ന മംഗലാപുരം ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. എയര്‍ഇന്ത്യയുടെ പത്ത് ലക്ഷത്തിന് പുറമെയായിരുന്ന കേന്ദ്രസര്‍ക്കാറിന്റെ ഈ സഹായം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നാഷനല്‍ റിലീഫ് ഫണ്ടില്‍ നിന്നാണ് ആ തുക അനുവദിച്ചു നല്‍കിയത്. കര്‍ണാടക, കേരള മുഖ്യമന്ത്രിമാരും രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. 12 വയസിന് മുകളിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും താഴെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് വിമാനക്കമ്പനിയായ എയര്‍ഇന്ത്യ താല്‍ക്കാലിക നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മംഗലാപുരം ദുരന്തം സംഭവിച്ച് പത്ത് വര്‍ഷം കഴിഞ്ഞുണ്ടായ അപകടത്തിലും 10 ലക്ഷം രൂപ മാത്രമാണ് ഇരകള്‍ക്ക് എയര്‍ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത് എന്നത് അതിശയോക്തി പകരുന്നതാണ്. പരുക്കേറ്റവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരവും ഈ സഹാചര്യത്തില്‍ കുറവാണെന്ന വിവാദം പുകയുന്നുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിനാണ് കരിപ്പൂര്‍ കഴിഞ്ഞ വെള്ളിയാഴ്ച സാക്ഷിയായത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ കൊണ്ടുമാത്രമാണ് ദുരന്തത്തിന്റെ ആഴം വലിയ തോതില്‍ കുറക്കാനായത്. എങ്കിലും 18 ജീവനുകള്‍ ഈ ദുരന്തത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. അനാഥരായ മക്കളും, കുടുംബനാഥരും മക്കളും നഷ്ടപ്പെട്ട വീടുകളും ദുരന്തത്തിന്റെ ബാക്കി പത്രങ്ങളായി ഇന്നും അവശേഷിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തുക. അപകടത്തില്‍ മരിച്ച അധികപേരുടേയും പിന്നാമ്പുറം പരിശോധിച്ചാല്‍ വളരെ പരിതാപകരമാണ്. പരുക്കേറ്റ് ഗുരുതര നിലയില്‍ തുടരുന്നവരുടെ സ്ഥിതിഗതികള്‍ ഇനിയും പുറത്തു വന്നിട്ടില്ല. സര്‍ക്കാറുകളും മറ്റു ഏജന്‍സികളും പ്രഖ്യാപിക്കുന്ന സഹായം ഇവരുടെ ആശ്രിതര്‍ക്ക് തുടര്‍ജീവിതത്തിന് വലിയ ആശ്വാസം പകരുന്നാണ്. എന്നാല്‍ കേന്ദ്രം ഇവിടെ മൗനം തുടരുന്ന സാഹചര്യമാണുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാറിന്റെ അവഗണ കാലങ്ങളായി തുടരുന്നതാണ്. വാര്‍ത്താസമ്മേളന വേളയില്‍ എയര്‍പോര്‍ട്ടിന്റെ വികസന കാര്യത്തില്‍ കേന്ദ്രമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായിട്ടില്ല. വികസനം എല്ലാ എയര്‍പോര്‍ട്ടിനും ആവശ്യമാണെന്ന് മാത്രമാണ് പറഞ്ഞത്. ഡല്‍ഹിയിലെത്തിയ ശേഷം കരിപ്പൂര്‍ വിമാനത്താവളത്തെയും നാട്ടുകാരെയും പ്രകീര്‍ത്തിക്കുന്ന ട്വീറ്റും അദ്ദേഹം നടത്തി. എന്നാല്‍ അപകടം സംഭവിച്ചിട്ടും എയര്‍പോര്‍ട്ടിന്റെ വികസന കാര്യത്തില്‍ കേന്ദ്രം മൗനം തുടരുകയാണ്. ഇതുതന്നെയാണ് ധനസഹായ പ്രഖ്യാപനത്തിലും തുടരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരേണ്ട സമയവും ഏറെ അതിക്രമിച്ചിട്ടുണ്ട്.