കാതില്‍ ഇപ്പോഴും മുഴങ്ങുന്ന ആ ആര്‍ത്തനാദം

17

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് കര്‍ശന നിരയന്ത്രണങ്ങളില്‍ വരിഞ്ഞു മുറുകിക്കിടന്ന കൊണ്ടോട്ടിയുടെ നെഞ്ചിലേക്കാണ് വലിയ ശബ്ദത്തോടെ മഹാദുരന്തം പറന്നിറങ്ങിയത്. എന്നും തലക്കു മുകളില്‍ പരുന്തുകള്‍ പോലെ വട്ടമിട്ട് പറക്കാറുള്ള വിമാനത്തിലൊന്ന് ചിറകറ്റ് നിലംപതിച്ചപ്പോള്‍ ഉള്ളില്‍ നിന്നുയര്‍ന്നത് നിലവിളിയൊച്ചകള്‍. പലതവണകളായി ഒരു വിമാനം വട്ടമിട്ടുപറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ കനത്ത മഴ കാരണം ഇറങ്ങാന്‍ സാധിച്ചിക്കാത്തതാവുമെന്നാണ് നാട്ടുകാര്‍ കരുതിയത്. പിന്നീടെല്ലാം സ്വപ്‌നത്തിലെന്ന പോലെ. ആകാശപേകടം തകര്‍ന്ന് തരിപ്പണമായ ശബ്ദം. പലരും കാര്യമന്വേഷിച്ച് റോഡിലേക്കിറങ്ങി. പാറപൊട്ടിയതെന്ന് ചിലര്‍. അവസാനം വീണതും തകര്‍ന്നതും വിമാനം തന്നെയെന്നുറപ്പിച്ചു. പിന്നെ എല്ലാം മറന്നുള്ള ഓട്ടം. മതിലനുപ്പുറത്ത് നിന്നും ആര്‍ത്തനാദം കേള്‍ക്കുന്നുണ്ട്. ജീവനുവേണ്ടിയുള്ള നിലവിളികള്‍. നിസഹായരായി സെക്യൂരിറ്റി ജീവനക്കാര്‍. ഗേറ്റു തുറക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങി.
അകത്തു കടന്നവര്‍ കാണുന്നത് നടുവെ മുറിഞ്ഞ് രണ്ടു കഷ്ണമായി കിടക്കുന്ന വിമാനമാണ്. അതിനുള്ളില്‍ ജീവനുവേണ്ടി പിടയുന്നവര്‍. എന്തു ചെയ്യണമെന്നറിയാത മരവിച്ചു നിന്ന് നാട്ടുകാര്‍. പിന്നീട് ഒന്നും നോക്കിയില്ല. ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു. കോവിഡാണ് സൂക്ഷിക്കണമെന്ന് ആരൊക്കെയോ വിളിച്ചുപറയുന്നു. എന്നാല്‍ ജീവനുവേണ്ടി പിടയുന്നവരുടെ മുന്നില്‍ അവര്‍ക്ക് അതൊന്നും തടസമായില്ല. നടുഭാഗത്തുണ്ടായിരുന്ന വരെ വേഗം രക്ഷിച്ചെടുക്കാന്‍ സാധിച്ചു. മുന്‍ഭാഗത്ത് കുറെ ശരീരങ്ങള്‍ ചതഞ്ഞരഞ്ഞു കിടക്കുന്നുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗം കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് കുത്തനെ നില്‍ക്കുന്ന നിലയിലായിരുന്നു. അത് വേര്‍പ്പെട്ട മറിയുമെന്ന് ചിലര്‍. ഒന്നും ചെവികൊള്ളാതെയുള്ള രക്ഷ പ്രവര്‍ത്തനം. മുന്‍ഭാഗത്ത് കുടുങ്ങി ക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ മതില്‍ പൊളിച്ചു. അത് വഴി പലരും ഉള്ളിലേക്ക് കയറി. പിന്നീട് ഒരോരുത്തരെയായി പുറത്തേക്കെടുത്ത് പിക്കപ്പിലും ടാക്‌സിയിലുമായി ആസ്പത്രിയിലേക്ക്.
ഒരുമണിക്കൂറിനുള്ളില്‍ പലഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും എത്തി. പിന്നീടങ്ങോട്ട് രക്ഷാ പ്രവര്‍ത്തനത്തിന്റെ നിമിഷങ്ങള്‍. പുറത്തെടുക്കുന്നവരെയുമായി ആസ്പത്രിയിലേക്ക്. കിട്ടുന്ന വാഹനങ്ങളെല്ലാം ആംബുലന്‍സുകളായി. രാവുറങ്ങാതെ പലഭാഗങ്ങളിയായി നാട്ടുകാര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ഗതാഗതം, ആസ്പത്രിയിലെ സേവനം, രോഗികളെ പരിചരണം, സാന്ത്വനം എല്ലാറ്റിനും ജനം മത്സരിച്ചു. അവസാനം രക്തം ആവശ്യമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ആസ്പത്രിയിലേക്ക്.
അവസാന മൃതശരീരവും പരിക്കേറ്റവരെയും കൊണ്ടോട്ടിയില്‍ നിന്നും മാറ്റും വരെ എണ്ണിയിട്ട യന്ത്രം പോലെ കൊണ്ടോട്ടി പ്രവര്‍ത്തിച്ചു. നേരം വെളുത്തിട്ടും പലര്‍ക്കും അപകടം വിശ്വസിക്കാനായില്ല. ഒരു സ്വപ്‌നമാകണേയെന്ന് പലരും പ്രാര്‍ത്ഥിച്ചു. കരിപ്പൂരും പരിസര പ്രദേശങ്ങളും ഇന്നും ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല. ആ ആര്‍ത്തനാദവും തീഗോളവും കര്‍ണപടങ്ങളെയും കണ്ണുകളെയും അസ്വസ്ഥമാക്കുന്നുണ്ട്. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പ്രയമായവര്‍ മുതല്‍ കുട്ടികള്‍ വരെ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. പേടി മൂലം അസ്വസ്ഥത പ്രകടിപ്പിച്ച പലരും ഡോക്ടമാരുടെ സഹായം തേടിയവരുണ്ട്.