കാറ്റും മഴയും ശക്തമാകുമ്പോള്‍ കര്‍മ്മനിരതരായി വൈറ്റ്ഗാര്‍ഡ്‌

വടകര തിരുവള്ളൂര്‍ ബാവുപ്പാറയില്‍ വീടിനു മുകളില്‍ വീണ മരം മുറിച്ചു നീക്കുന്ന വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍

കോഴിക്കോട്: മഴയും കാറ്റും ശക്തമാകുമ്പോള്‍ ഓടിയെത്തി കര്‍മ്മനിരതരാവുകയാണ് യൂത്ത് ലീഗിന്റെ വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍. അപകടകരമായ നിലയില്‍ കാറ്റില്‍ നിലം പതിച്ച മരങ്ങള്‍ മുറിച്ചു മാറ്റല്‍, ലൈന്‍ മുറിഞ്ഞു വീണ സ്ഥലങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കല്‍, ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് പാലങ്ങള്‍ നിര്‍മ്മിക്കല്‍, കാലവര്‍ഷക്കെടുതി മൂലം തടസ്സപ്പെടുന്ന വഴികളിലെ മാര്‍ഗതടസ്സം നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
രക്ഷാ ദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ സഹിതമാണ് വൈറ്റ് ഗാര്‍ഡ് കാലവര്‍ഷക്കെടുതിക്കിടയില്‍ സജീവമാകുന്നത്. കാലവര്‍ഷം കടുത്ത ദുരിതം സമ്മാനിച്ച കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സത്യുതര്‍ഹമായിരുന്നു വൈറ്റ്ഗാര്‍ഡിന്റെ സേവനം. മെഡിചെയിന്‍ പദ്ധതി വഴി മരുന്ന് എത്തിച്ചു നല്‍കുക, അണു നശീകരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും വൈറ്റ്ഗാര്‍ഡ് നടത്തുന്നുണ്ട്. സഞ്ചാര മാര്‍ഗങ്ങള്‍ കുറവായ കോവിഡ് കാലത്ത് മെഡിചെയിന്‍ പദ്ധതിക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.