കോക്പിറ്റ് മുതല്‍ മുന്‍വാതില്‍ വരെ പിളര്‍ന്നു

55
കരിപ്പൂരില്‍ തകര്‍ന്ന വിമാനത്തിന്റെ പിറക് വശം, റണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടി താഴേക്ക് പതിക്കുകയായിരുന്നു വിമാനം

കോഴിക്കോട്: കരിപ്പൂരിലേത് വന്‍വിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് 35 അടി താഴേക്ക് മറിഞ്ഞ് രണ്ടായി പിളരുകയായിരുന്നു. ടേബിള്‍ടോപ്പ് വിമാനത്താവളം – അഥവാ – രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 5 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.