കോവിഡിനൊപ്പം മഴക്കാല പകര്‍ച്ച വ്യാധികളും

9

ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ഭീതിപടര്‍ത്തുന്നു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലും ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും ജില്ലയില്‍ ഭീതി പടര്‍ത്തുന്നു. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഡെങ്കിപ്പനിയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍- ജൂലൈ മാസങ്ങളിലായി മാത്രം 1875ലധികം ഡെങ്കിപ്പനി കേസുകള്‍ ജില്ലയില്‍ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ഇതില്‍പെടാതെ മലയോര മേഖലകളിലടക്കം നിരവധി കേസുകളുണ്ട്. ജില്ലയില്‍ രണ്ടു ഡെങ്കി മരണവും റിപ്പോര്‍ട്ട് ചെയ്തു.
കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ മഴക്കാല പകര്‍ച്ചവ്യാധികളും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഡെങ്കിപ്പനിക്ക് പുറമെ മഞ്ഞപ്പിത്തം, എലിപ്പനി, അതിസാരം, മലേരിയ എന്നിവയും മലയോരത്ത് ഉള്‍പ്പെടെ പിടിമുറുക്കിയിട്ടുണ്ട്. വിവിധയിനം പനികള്‍ ബാധിച്ച് പത്തിലേറെ പേരാണ് വിവിധ മേഖലകളില്‍ മരിച്ചത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ 45പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് മലേരിയയും 11 മഞ്ഞപ്പിത്ത കേസുകളും ആറ് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നത് വലിയ രീതിയില്‍ ആശങ്ക പകരുന്നുണ്ട്.
ഡെങ്കിപനിയുമായി ആസ്പത്രിയിലെത്തുന്നവരില്‍ കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതിയും ജില്ലയിലുണ്ട്. മുഴുവന്‍ സമയം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധത്തില്‍ ആയതിനാല്‍
മറ്റു സാംക്രമിക രോഗങ്ങളെ തടയിടാന്‍ വലിയ രീതിയില്‍ കഴിഞ്ഞില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വൃത്തിയിലാണ് കാര്യം
കൊതുകിനെ നിയന്ത്രിക്കാന്‍ വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.
വീടിന് ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതകിനുള്ള സാഹചര്യം ഒഴിവാക്കണം.
വീടിന്റെ പരിസരത്തുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ കമഴ്ത്തി ഇടണം.
വെള്ളം സൂക്ഷിക്കുന്ന സംഭരണികളെല്ലാം അടച്ചു സൂക്ഷിക്കണം.
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം.