ചരിത്രം സാക്ഷി; ഹജ്ജിന്ന് വിജയകരമായ പരിസമാപ്തി ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടി ഹാജിമാര്‍ മടങ്ങി

ഹജ്ജിന്റെ സമാപനത്തില്‍ പ്രാര്‍ത്ഥനയോടെ തീര്‍ത്ഥാടകര്‍

ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയ ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജില്‍ പങ്കെടുക്കുന്നതിന്ന് നിയന്ത്രണമുണ്ടായപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്തവരില്‍ അപൂര്‍വ ഭാഗ്യം ലഭിച്ച ആയിരം പേരാണ് ആത്മീയ വിശുദ്ധി നേടി ഇന്നലെ വൈകീട്ടോടെ മിനാ താഴ്വരയോട് വിട പറഞ്ഞത്. മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സുമായി കഴിഞ്ഞ ഹാജിമാര്‍ പാപമോചനത്തിനും, പരീക്ഷണങ്ങളില്‍ നിന്നുള്ള കാവല്‍ തേടിയും ശിഷ്ട കാല ജീവിതത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുവാനും അല്ലാഹുവിന് മുമ്പില്‍ ആത്മ സമര്‍പ്പണം നടത്തിയാണ് പുണ്യനഗരിയോട് വിട വാങ്ങിയത്. വ്യാഴാഴ്ച്ച അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിലെത്തി രാപാര്‍ത്ത ഹാജിമാര്‍ വെള്ളിയാഴ്ച്ച പ്രഭാതത്തില്‍ മിനയിലേക്ക് തിരിച്ചു. ഇവിടെ ജംറയിലെ ആദ്യ ദിന കല്ലേറും ബലികര്‍മ്മവും മുടികളയലും നടത്തി മക്കയിലെത്തി ഇഫാദത്തിന്റെ ത്വവാഫും നിര്‍വഹിച്ചാണ് മക്കയില്‍ നിന്നും വീണ്ടും മിനയിലേക്ക് തിരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു കര്‍മ്മങ്ങള്‍. ഹജ്ജിന്റെ സകല കര്‍മ്മങ്ങളിലും ഈ പ്രോട്ടോകോള്‍ കൃത്യമായി നടപ്പിലാക്കാന്‍ വിവിധ തലങ്ങളില്‍ അറുപതിനായിരത്തോളം ഉദ്യോഗസ്ഥരുണ്ടായിരുന്നു.വിശുദ്ധ ഹജ്ജ് കര്‍മ്മം തടസ്സം കൂടാതെ ഇക്കൊല്ലവും പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സഊദി ഭരണകൂടം തൃപ്തരാണ്. ലോകമുസ്ലിം നേതാക്കളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയ നീക്കമാണ് അതീവ ജാഗ്രതയോടെ സഊദി ഭരണകൂടം പൂര്‍ത്തിയാക്കിയത്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന ഈ മഹാസംഗമത്തില്‍ കോവിഡ് മൂലം കടുത്ത നിയന്ത്രണം കൈവന്നപ്പോള്‍ അപ്രതീക്ഷിതമായ അവസരം നല്‍കിയ റബ്ബിന്റെ മുന്നില്‍ ഹൃദയം ഹാജിമാര്‍ പൊട്ടിക്കരഞ്ഞു. പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് അവസരം ലഭിക്കാതെപോയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസി സമൂഹത്തിന്റെ ഹൃദയവേദന സൃഷ്ടാവിന് മുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളിലൂടെ സമര്‍പ്പിക്കുകയായിരുന്നു ഹാജിമാര്‍. കോവിഡ് വൈറസിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ലോകജനതയെ മഹാവിപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മനമുരുകി ദുആ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിച്ച് നാഥന്റെ വിളിക്കുത്തരം നല്‍കി ഇഹലോക ജീവിതത്തിലെ ചിരകാലസ്വപ്‌നം ആദ്യമായി നിറവേറ്റിയപ്പോള്‍ ആരവങ്ങളില്ലാത്ത അറഫയും ആളനക്കമില്ലാത്ത മിനയും ആനന്ദത്തിന് അതിരിട്ടുവെങ്കിലും ഖല്‍ബിനെ പിടിച്ചുലക്കുന്ന തല്‍ബിയത്തിന്റെ മാന്ത്രിക സ്പര്‍ശം ആസ്വദിച്ച് പുണ്യകര്‍മ്മം നിറവേറ്റി ഹാജിമാര്‍ മടങ്ങി . അയ്യാമുത്തശ്!രീഖിന്റെ ആദ്യ ദിനമായ ശനിയാഴ്ച്ച ഹാജിമാര്‍ പൈശാചികത്വത്തിന്റെ പ്രതീകങ്ങളായ ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ ജംറകളില്‍ ഏഴു വീതം കല്ലെറിയല്‍ ചടങ്ങു പൂര്‍ത്തിയാക്കി. ദുല്‍ഹജ്ജ് പന്ത്രണ്ടായ ഇന്നലെ ജംറയിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ മസ്ജിദുല്‍ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചു. വൈകീട്ടോടെ സ്വദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങി. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി സ്വദേശങ്ങളില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ വീണ്ടും പതിനാല് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കും.ഹാജിമാരില്‍ ചിലര്‍ മക്കയില്‍ തന്നെ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതാണ് വിവരമുണ്ട്. ഹജ്ജ് കര്‍മ്മത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പേര്‍ പുണ്യകര്‍മ്മം നിര്‍വഹിച്ച ഇക്കൊല്ലം മുപ്പതില്‍ താഴെ ഇന്ത്യക്കാരും അവരില്‍ മലയാളികളായി രണ്ട് പേരുമുണ്ട്.