ജടായു ടൂറിസം പദ്ധതി: നിക്ഷേപകരെ പുറത്താക്കിയെന്ന പ്രചാരണം തെറ്റെന്ന് രാജീവ് അഞ്ചല്‍

    കൊല്ലം/ദുബൈ: ജടായു ടൂറിസം പ്രോജക്ടില്‍ നിക്ഷേപകരെ പുറത്താക്കി എന്ന പ്രചരണം തെറ്റാണെന്ന് ചെയര്‍മാന്‍ രാജീവ് അഞ്ചല്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപകരില്‍ ഒരു വിഭാഗം മാത്രമാണ് ഈ തെറ്റായ പ്രചരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു മാസമായി പല കോടതികളിലായി കേസ് നടന്നുവരികയാണ്. ഇപ്പോഴുള്ള ഈ പ്രചരണം ചില വ്യക്തികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിന്റെ സത്യാവസ്ഥ കോടതിയില്‍ തെളിയിക്കപ്പെടുമെന്നും രാജീവ് അഞ്ചല്‍ പറഞ്ഞു. 2005 മുതല്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തി ആരംഭം കുറിച്ച പദ്ധതിയാണ് ജടായുപ്പാറ ടൂറിസം പദ്ധതി. 2011ല്‍ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി പദ്ധതിയാക്കി പ്രോജക്റ്റിനെ മാറ്റുകയും ‘ഗുരുചന്ദ്രിക’ എന്ന തന്റെ കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്തു. പദ്ധതിക്ക് ആവശ്യമായ ധനം സമാഹരിക്കാനുള്ള അനുവാദവും കരാറില്‍ വ്യക്തമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോജക്ടിനുള്ളിലെ വിവിധ സംരംഭങ്ങള്‍ക്കായി ചില കമ്പനികള്‍ രൂപീകരിച്ച് ആവശ്യമായ ധനം സ്വരൂപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് എങ്ങനെ ലാഭവിഹിതം കിട്ടുമെന്നുള്ള വ്യക്തതയും സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം ഈ കമ്പനികളെല്ലാം തന്നെ ഗുരു ചന്ദ്രിക യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് കോണ്‍ട്രാക്ടിങ് കമ്പനികള്‍ ആയിരിക്കുമെന്ന് സര്‍ക്കാരുമായുള്ള കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സമാഹരിച്ച നിക്ഷേപം മുഴുവനും ജഡായു പ്രോജക്ടില്‍ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാരും ഗുരുചന്ദ്രികയുമായി ഉണ്ടാക്കിയ കരാറിന്റെ നഗ്നമായ ലംഘനം നടത്തിയതിനാല്‍ ജെട്ടിപിഎല്‍ എന്ന കമ്പനിക്ക് നല്‍കിയിരുന്ന മാര്‍ക്കറ്റിംഗ്, മെയിന്റനന്‍സ്, റവന്യൂ കലക്ഷന്‍ എന്നിവ നഷ്ടമായി. അത് തിരികെ ലഭിക്കാനായി പല കോടതികളിലും പരാതി നല്‍കിയെങ്കിലും ഒരിടത്തും അവര്‍ക്ക് അനുകൂലവിധി ലഭിച്ചിട്ടില്ല. ഇപ്പോഴും കേസ് നടക്കുകയാണെന്നും രാജീവ് അഞ്ചല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഈ പദ്ധതിയില്‍ നിക്ഷേപം നടത്തിയ പ്രവാസികള്‍ അടക്കമുള്ളവരെ വഞ്ചിച്ചതായി കഴിഞ്ഞ ദിവസം ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഎഇയില്‍ നിന്നുള്ള പ്രവാസി നിക്ഷേപകര്‍ പറഞ്ഞിരുന്നു. കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയവരെ ഈ പദ്ധതിയില്‍ നിന്നും പുറത്താക്കാന്‍ ഗൂഢാലോചന നടത്തുന്നതായി നിക്ഷേപകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരനായ രാജീവ് അഞ്ചല്‍ ഇന്നലെ വിശദീകരണം നടത്തിയത്.