ട്രഷറി തട്ടിപ്പ്: ജീവനക്കാരനെ പിരിച്ചുവിട്ടു; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.സമ്മറി ഡിസ്മിസല്‍ വ്യവസ്ഥ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന്‍ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. ബിജുലാലിനെ പിരിച്ചുവിട്ട കാര്യംമന്ത്രി തോമസ് ഐസക്കാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വഞ്ചിയൂര്‍ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരന്‍ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാന്‍ തീരുമാനിച്ചു. ഫിനാന്‍സ് സെക്രട്ടറി ആര്‍.കെ. സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജു ലാല്‍ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമായെന്നും ധനമന്ത്രി പറഞ്ഞു.