ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും വറുതിയകലാതെ തീരങ്ങള്‍

കണ്ണൂര്‍: ട്രോളിംഗ് നിരോധനം അവസാനിച്ചിട്ടും തീരങ്ങളിലെ വറുതിയകലുന്നില്ല. കോവിഡ് വ്യാപനവും പ്രക്ഷുബ്ധമായ കടലും തൊഴിലിന് തടസമായതോടെ പട്ടിണിയിലായി കടലിന്റെ മക്കള്‍.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കാലാവസ്ഥയും മത്സ്യലഭ്യത കുറവും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും തീരത്തുള്ളവരെ പ്രയാസത്തിലാക്കുകയാണ്. അഴീക്കലില്‍ നിന്ന് കുറച്ച് തോണികള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോയത്. ജില്ലയിലെ മറ്റ് മത്സ്യബന്ധന തീരങ്ങളിലെ അവസ്ഥയും സമാനമായിരുന്നു.
ചെറുവത്തൂരില്‍ നിന്ന് ബോട്ടുകളൊന്നും തന്നെ ഇതുവരെ മത്സ്യബന്ധനത്തിനായി ഇറങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചെറിയ വള്ളങ്ങള്‍ ചെറിയതോതില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന ഭീതിയും നിയന്ത്രണങ്ങളും കാരണം മത്സ്യം വാങ്ങാനാളുകളെത്തുന്നതും കുറഞ്ഞതോടെ വില്‍പനയെയും ബാധിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ മത്സ്യം ലേലം ചെയ്യുന്നത് ഉള്‍പ്പെടെ വിലക്കിയതും വില്‍പനയെ ബാധിച്ചിട്ടുണ്ട്.
മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളില്‍ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികള്‍ ആയതിനാല്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയും ഉണ്ട്. അഴീക്കലില്‍ ചെറിയ ശതമാനം തൊഴിലാളികളെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിഭാഗവും തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ കൂടി തിരിച്ചുവന്നാല്‍ മാത്രമേ മത്സ്യബന്ധനം പഴയതു പോലെ നടക്കൂവെന്നാണ് അഴീക്കലിലെ തൊഴിലാളികള്‍ പറയുന്നത്.
ഈമാസം പകുതിയോടെ പ്രതിസന്ധികളെല്ലാം മാറുമെന്ന പ്രതീക്ഷയാണ് തൊഴിലാളികളില്‍. തിരിച്ചടികള്‍ ഓരോന്നായി വരുമ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആനുകൂല്യങ്ങളോ മറ്റ് സഹായങ്ങളോ ലഭിക്കുന്നില്ലെന്ന പരാതികളും വ്യാപകമാണ്. ആനുകൂല്യങ്ങള്‍ പലപ്പോഴും ബോട്ട് തൊഴിലാളികളെ പരിഗണിക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഒരു വിഭാഗം തൊഴിലാളികളും പറയുന്നു.