തിരുവനന്തപുരം ജില്ലയില്‍ 200 പേര്‍ക്ക് കോവിഡ് 178 സമ്പര്‍ക്ക രോഗികള്‍

കോവിഡ് 19: കണ്ടെയിന്‍മെന്റ് സോണായ ജഗതി കോളനിയിലേക്ക് പോകുന്ന വഴി പൊലീസ് അടച്ച്‌പ്പോള്‍ വീട്ടിലേക്ക് സാധനങ്ങളുമായി മറികടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരന്‍ ഫോട്ടോ: ഗോപന്‍കൃഷ്ണ

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 178 പേരും സമ്പര്‍ക്കരോഗികളാണ്. രോഗം സ്ഥരീകരിച്ചവരില്‍ 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയില്‍ പുതുതായി 1,460 പേര്‍ രോഗ നിരീക്ഷണത്തിലായി. 1,646 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 15,076 പേര്‍ വീടുകളിലും 734 പേര്‍സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആസ്പത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 365 പേരെ പ്രവേശിപ്പിച്ചു. 298 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആസ്പത്രി കളില്‍ 3,075 പേര്‍നിരീക്ഷണത്തിലുണ്ട്. ഇന്നലെ 243 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 477 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
72 സ്ഥാപനങ്ങളിലായി 734പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കലക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 148 കാളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,236 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസള്‍ട്ടുകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സംവിധാനമായി. സാമ്പിളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാന്‍ താമസമുണ്ടായ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് ബദല്‍ മാര്‍ഗം തയ്യാറായത്. ഇനി മുതല്‍ കാലതാമസം കൂടാതെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആര്‍.ഐ സ്‌കാനിനു സമീപമുള്ള കൗണ്ടറില്‍ നിന്നും റിസള്‍ട്ട് ലഭ്യമാകും. കാലതാമസം ഒഴിവാക്കാന്‍ നേരത്തേ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ഇനി മുതല്‍ റിസള്‍ട്ട് ലഭ്യമാക്കുക. മൈക്രോബയോളജി ലാബില്‍ റിസള്‍ട്ട് തയ്യാറായാല്‍ ഉടന്‍ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറില്‍ ലഭ്യമാകും. അവിടെ നിന്നുതന്നെ പ്രിന്റ് എടുത്തു നല്‍കാനുമാകും. അതേസമയം ഫോണില്‍ ബന്ധപ്പെട്ടും റിസള്‍ട്ട് അറിയാന്‍ കഴിയും. റിസള്‍ട്ട് കൗണ്ടറിലെ ഫോണ്‍ നമ്പര്‍: 0471-2528520