പി.സി ജലീല്‍
കോഴിക്കോട്: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മുമ്പില്‍ പത്താം വയസ്സില്‍ ദഫ് അവതരിപ്പിച്ചാണ് സ്‌കൂള്‍ കലോത്സവവേദികളില്‍ പതിറ്റാണ്ടുകളായി മാപ്പിളകലകളുടെ വിജയഭേരി മുഴക്കുന്ന ഡോ.കോയ കാപ്പാട് മാപ്പിള കലാകളരിയിലിറങ്ങുന്നത്്. ഡല്‍ഹിയില്‍ രാജ്യത്തെ വിശ്രുത കലാകാരന്‍മാരെ സാക്ഷി നിര്‍ത്തി തന്റെ പിതാവും ദഫ് മുട്ടാചാര്യനുമായിരുന്ന ഉസ്താദ് അഹന്മദ് കുട്ടി മുസ്്‌ലിയാരോടൊന്നിച്ച് അരങ്ങേറ്റം കുറിച്ച ഡോ.കോയ കാപ്പാട് ദഫ് പരിശീലന രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവില്‍ നിന്ന് ദഫിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നത്്. 1990 മുതലാണ് ഏറെക്കാലമായി കിരീടം ചൂടുന്ന തന്റെ തട്ടകമായി മാറിയ പരിശീലന രംഗത്തേക്ക് കോയ കാപ്പാട് കടന്നു വരുന്നത്.
കേരളത്തിലെ ദഫ്മുട്ടിന്റെ പോറ്റില്ലമായി അറിയപ്പെടുന്ന കാപ്പാട് ആലസ്സം വീട്ടില്‍ തറവാട്ടില്‍ പൂര്‍വ്വികര്‍ തുടങ്ങി വെച്ച ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലനക്കളരി നിയന്ത്രിക്കുന്നത് കോയ കാപ്പാടാണ്. ഹിജ്‌റ വര്‍ഷം 1303 ല്‍ പ്രപിതാമഹനും വിഷചികിത്സകനും സൂഫിയുമായിരുന്ന സൈദ് അഹമ്മദ് മുസ്ല്യാര്‍ സ്ഥാപിച്ച ദഫ് മുട്ട് പരിശീലനക്കളരിക്ക് ഇപ്പോള്‍ കേരള ഫോക്ക് ലോര്‍ അക്കാദമിയുടെയും, നെഹ്‌റു യുവകേന്ദ്രയുടെയും, കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌ക്കാരിക സ്ഥാപനമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും അഫലിയേഷനോട് കൂടിയാണ് പരിശീലനം നല്‍കുന്നത്. ദഫ്മുട്ടെന്ന അനുഷ്ഠാന കല വിദ്യാസമ്പന്നരായ യുവതലമുറയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കോയ കാപ്പാടിന് 2012ലെ കേരള ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡും, 2017 ലെ കേന്ദ്ര സര്‍ക്കാറിന്റെ ഗുരു പദവിയും ലഭിച്ചിട്ടുണ്ട്.
2008 ല്‍ തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ മുംബെയില്‍ പരിപാടി അവതരിപ്പിച്ചതും 2015ല്‍ ഡല്‍ഹി കേരളാ ഹൗസില്‍ വെച്ച് നടന്ന കേരളോത്സവത്തിലും , റിപബ്ലിക് ദിന പരേഡില്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ക്ഷണപ്രകാരം ചെന്നൈയില്‍ ദഫ് മുട്ട് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ഈ കലക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് കാപ്പാട് പറയുന്നതോടൊപ്പം നിരവധി സന്നദ്ധ സംഘടനകളുടെ ആദരവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പരിശീലിപ്പിക്കാന്‍ പ്രാപ്തരായ നൂറ് കണക്കിന് ശിഷ്യഗണങ്ങളെ ഈ മേഖലയില്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇതിനാക്കേളേറെ തനിക്ക് സന്തോഷം നല്‍കുന്നതെന്നും കോയ കാപ്പാട് പറയുന്നു.
ഹൈദരാബാദ് മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൂഫിപഠങ്ങളെ കുറിച്ച ഗവേഷണത്തില്‍ ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം വിദ്യാര്‍ത്ഥികളെ ദഫിന്റെ കൂട്ടായ്മയിലൂടെ ഉയര്‍ന്ന കോഴ്‌സ് ചെയ്യാനുള്ള സഹായം നല്‍കി വളര്‍ത്തി വരുന്നു.എല്ലാ വര്‍ഷവും ജുമാദല്‍ ഊലാ 22 ന് ആലസ്സം വീട്ടില്‍ നടക്കുന്ന കുത്ത് റാത്തീബിലൂടെ ജാതി മത ഭേതമന്യേ നിരവധിയാളുകള്‍ക്ക് ചാരിറ്റി പ്രവര്‍ത്തനവും, പാവപ്പെട്ട ദഫ് മുട്ട് കലാകാരന്‍മാര്‍ക്ക് ഗൃഹനിര്‍മാണ സഹായവും നല്‍കി വരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ട് ഉള്‍പ്പെടുത്തിയത് മുതല്‍ കോയ കാപ്പാടിന്റെ ശിഷ്യരും പ്രശിഷ്യരും ഇന്ന് വരെ തോല്‍വിയുടെ രുചി അറിഞ്ഞിട്ടില്ല. മാറി മാറി വന്ന സര്‍ക്കാറും നാടന്‍ കലാകാരന്‍മാരെ സംരക്ഷിക്കുന്നതില്‍ മുന്നോട്ട് വന്നിട്ടുണ്ട്. കലാക്ഷേത്ര പദ്ധതിയും, ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമാക്കികേരളത്തിലെ നാടന്‍ കലാകാരന്‍ മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ഉത്സവ് ‘ പ്രോഗ്രാമും, നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായി യുവകലാകാരന്‍മാരെ സംരക്ഷിക്കാന്‍ വേണ്ടി ഇടത്പക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമസഭാ വജ്രജൂബിലി ഫെല്ലോഷിപ്പും നാടന്‍ കലാകാരന്‍മാര്‍ക്ക് വലിയ ആശ്വാസവും ദഫ് മുട്ട് അടക്കമുള്ള നാടന്‍ കലക്കുള്ള വലിയ അംഗീകാരവുമാണ്. കോയ കാപ്പാടിന്റെ പരിശീലനം നേടിയ ധാരാളം വിദ്യാര്‍ത്ഥികള്‍ക്കു ഈ ഫെല്ലോഷിപ്പിന്റെ ഭാഗമായി മാസം തോറും കേരള സര്‍ക്കാര്‍ 15000/ രൂപ നല്‍കി വരുന്നു.
139 വര്‍ഷത്തെ കണ്ണി മുറിയാത്ത യമനീ പാരമ്പര്യമുള്ള കാപ്പാട്ടെ ദഫ് പരിശീലക്കളരിയും കുത്ത് റാത്തീബും ഇപ്പോള്‍ ഫിജി, ഓക് ലാന്റ്, ന്യൂസിലാന്റ്, ആസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്കും കോയ കാപ്പാടിന്റെ പ്രയത്‌നം കൊണ്ട് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് നാട്ടുകാരാണെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇവിടെ എല്ലാ പരിപാടികള്‍ക്കും ദഫ് മുട്ട് ഒരു ഘടകമാണ്. കേരളത്തിലെ കലാരംഗത്ത് പ്രസിദ്ധമായ കലാലയങ്ങളുടെ പിന്നില്‍ കോയ കാപ്പാടിന്റെ കയ്യൊപ്പുണ്ടാവുമെന്നതില്‍ സംശയമില്ല. കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍, മലപ്പുറം പി.പി.എം എച്ച്, എസ്, കൊട്ടൂക്കര.
കണ്ണൂര്‍ സി.എച്ച്.എം.എച്ച്, എസ്, എളയാവൂര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ കോയ കാപ്പാടിന്റെ പരിശീലനം ലഭിക്കാന്‍ വേണ്ടി മാത്രം അഡ്മിഷനെടുക്കുന്ന ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. കലോത്സവങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പാഠ്യപദ്ധതിയില്‍ ഇത്തരം അനുഷ്ഠാന കലകള്‍ ഉള്‍പ്പെടുത്തിയാല്‍ വരും തലമുറക്ക് ഇത്തരം കലകളുടെ ചരിത്രപരമായ കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്നാണ് ഡോ.കോയ കാപ്പാടിന്റെ അഭിപ്രായം.