കരിപ്പൂര്‍ വിമാന ദുരന്തം: അന്വേഷണം തുടങ്ങി; ബ്ലാക്‌ബോക്‌സ് കണ്ടെടുത്തു
തോരാതെ പെയ്ത പേമാരിയുടെ നടുവിലെത്തിയ വിമാന ദുരന്ത വാര്‍ത്തയുടെ നടുക്കത്തില്‍നിന്ന് മലപ്പുറവും സമീപ ജില്ലകളും ഇനിയും മുക്തമായിട്ടില്ല. ആളപായമില്ലെന്ന് പറഞ്ഞ് ആദ്യ വാര്‍ത്തകള്‍ വന്ന വിമാനാപകടം പിന്നീട് മഹാദുരന്തമായി മാറുന്ന വാര്‍ത്ത കേട്ടതോടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഒരു നാട് മുഴുവന്‍. മരണസംഖ്യ വീണ്ടും ഉയരരുതേ എന്ന പ്രാര്‍ത്ഥന.പരിക്കേറ്റവരേയും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളുടെ കാഴ്ചകളും പുലര്‍ച്ചെ വരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മരണസംഖ്യയും. ആശങ്കയുടേയും നടുക്കത്തിന്റെയും ഒരു പകല്‍ പിന്നിടുമ്പോള്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന്റെ നേരിയ ആശ്വാസമുണ്ട് പലര്‍ക്കും. എങ്കിലും 146 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരവുമാണ്. പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടെ 18പേരെയാണ് ദുരന്തം കവര്‍ന്നെടുത്തത്.
ഇതിനിടെ രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന്റെ വിശദാന്വേഷണം ആരംഭിച്ചു. ഇതിനായി നിയോഗിച്ച രണ്ട് സംഘങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ ഇന്നലെ കണ്ടെത്തിയതായി അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, എയര്‍ഇന്ത്യ എം.ഡി രാജീവ് ബെന്‍സാല്‍ എന്നിവര്‍ അറിയിച്ചു. കനത്ത മഴയെതുടര്‍ന്ന് റണ്‍വേയില്‍നിന്ന് തെന്നിമാറിയതാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ കാരണം റണ്‍വേ ദൃശ്യമാകാത്തതിനെതുടര്‍ന്ന് രണ്ടുതവണ ലാന്റിങ് ശ്രമം പൈലറ്റ് ഉപേക്ഷിച്ചിരുന്നുവെന്നും വിവരമുണ്ട്. ബ്ലാക് ബോക്‌സ് വിവരങ്ങള്‍ വീണ്ടെടുക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
വ്യോമയാന രംഗത്തെ വിദഗ്ദര്‍, വിമാനതാവള അതോറിറ്റി, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍, എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എകസ്പ്രസ്, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റികേഷന്‍ ബ്യൂറോ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തത്. അപകട കാരണം തുടര്‍ അന്വേഷണങ്ങളില്‍ വ്യക്തമാകുമെന്നും അന്വേഷണ ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മോശം കലാവസ്ഥയാണ് അപകടകാരണമെന്നാണ് എയര്‍ഇന്ത്യ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. മറ്റു ആരോപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇരുവരും കൂട്ടിചേര്‍ത്തു.
ദുബായില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം 7.10ന് വന്ദേഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനമാണ് ദുരന്തത്തില്‍ പെട്ടത്. 191 യാത്രക്കാരെയുമായി കരിപ്പൂരിലെത്തിയ വിമാനം ട്രാക്കില്‍ നിന്നും തെന്നിമാറി റണ്‍വെയുടെ കിഴക്ക് ഭാഗത്ത് 40 അടിയോളം താഴ്ചയിലേക്ക് പതിച്ച് രണ്ട് കഷ്ണങ്ങളായി പിളരുകയായിരുന്നു. അപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 172 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 149 പേര്‍ നിലവില്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 16 പേരുടെ നില അതീവ ഗുരുതരമാണ്. നിസാരപരുക്കേറ്റ 23 പേര്‍ ഇന്നലെ ആസ്പത്രി വിട്ടു.
വ്യോമയാന മന്ത്രിക്ക് പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വ്യോമയാന സഹമന്ത്രി വി. മുരളീധരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എ.ംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, മുനവ്വറലി തങ്ങള്‍, ടി.വി ഇബ്രാഹിം, പി.അബ്ദുള്‍ ഹമീദ്, പി.കെ ബഷീര്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, ഷൈലജ ടീച്ചര്‍, കടന്നപള്ളി രാമചന്ദന്‍, വി.എസ് സുനില്‍കുമാര്‍, കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലതുടങ്ങി നിരവധി പേര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
കരിപ്പൂര്‍ വിമാനത്താവളം ഇന്നലെ മുതല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമായി. അപകടം നടന്ന് 16 മണിക്കൂറിന് ശേഷമാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. റണ്‍വെയില്‍ നിന്നു തെന്നിമാറിയും മറ്റുമായി ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആളപായം നേരിടുന്ന ആദ്യ ദുരന്തമാണിത്. പൈലറ്റിന്റെ പിഴവ്, യന്ത്രത്തകരാര്‍, കാലാവസ്ഥ, അട്ടിമറി ഇങ്ങനെ നാലു കാര്യങ്ങളാണ് പൊതുവെ വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. 1950 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പകുതിയിലധികവും പൈലറ്റിന്റെ തെറ്റുകള്‍ കൊണ്ടാണ് സംഭവിക്കുന്നത്. 26 ശതമാനം യന്ത്രത്തകരാറു മൂലവും, 15 ശതമാനം മോശം കലാവസ്ഥ കാരണവും നാല് ശതമാനം അട്ടിമറികള്‍ മൂലവുമാണ്.