പൊലീസുകാരന് കോവിഡ് കണ്ണൂര്‍ എആര്‍ ക്യാമ്പ് അടച്ചു

കണ്ണൂര്‍: എആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ എആര്‍ ക്യാമ്പ് അടച്ചു. തോക്കുകള്‍ കൈകാര്യം ചെയ്യുന്ന പൊലീസുകാരനാണ് ആന്റി ബോഡി പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലാ ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് എആര്‍ ക്യാമ്പിലെ പ്രധാന ഓഫീസും തോക്കുകള്‍ സൂക്ഷിക്കുന്ന ഓഫീസും അടച്ചത്.
കോവിഡ് ബാധിതനായ തലശ്ശേരി കണ്‍ട്രോള്‍ റൂം എസ്‌ഐ എആര്‍ ക്യാമ്പ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെ എആര്‍ ക്യാമ്പ് കാന്റീന്‍ അടച്ചിരുന്നു. എആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്തിടപഴകിയ പൊലീസുകാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചിടുക. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പോലെ ഐജി ഓഫീസ്, ഡിവൈഎസ്പി ഓഫീസ്, ടൗണ്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ഈ ഓഫീസുകളെല്ലാം ചുറ്റുവട്ടത്തെ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസുകാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഈ ഓഫീസുകളിലും നിത്യേന എത്താറുണ്ട്. ഈ സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്കിടയില്‍ പ്രത്യേക മാര്‍ഗരേഖയുണ്ടാക്കും.