
ബാബരി വിഷയത്തില്‍ എന്നും ഒരേ നിലപാട്,
വീണ്ടും ചര്‍ച്ചയാക്കി രാഷ്ട്രീയ മുതലെടുപ്പിന് അവസരമൊരുക്കില്ല
മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നതായി മുസ്‌ലിം ലീഗ് നേതാക്കള്‍. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന ദേശീയ സമിതി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്തായിരുന്നു. മുസ്‌ലിംലീഗിന് ആ പ്രസ്താവനയോട് യോജിക്കാനാവില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് ഒരു വര്‍ഗീയ ധ്രുവീകരണത്തിന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.
ബാബരി മസ്ജിദ് വിഷയത്തില്‍ എല്ലാ കാലത്തും മുസ്്‌ലിം ലീഗ് സ്വീകരിച്ച നിലപാട് കോടതിവിധിയെ അംഗീകരിക്കുക എന്നതായിരുന്നു. ഇനി രാജ്യത്ത് ആ വിഷയം വീണ്ടും ഉയര്‍ത്തി വിവാദമുണ്ടാക്കുന്നതിനോട് പാര്‍ട്ടിക്ക് യാതൊരു താത്പര്യവുമില്ല. കോടതിവിധിയോടെ ആ അധ്യായം അവസാനിച്ചിരിക്കുകയാണ്. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത് നാടിന് നല്ലതല്ല. വളരെ ഉത്തരവാദിത്തപ്പെട്ട നേതാവ് ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ പ്രതികരണം. മതേതര പാതയില്‍ കാര്യങ്ങള്‍ പോകണമെന്ന് ആഗ്രഹിക്കുന്ന മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാടില്‍ തന്നെയാണ് പാര്‍ട്ടി ഇന്നും ഉറച്ചു നില്‍ക്കുന്നത്. മുസ്‌ലിംലീഗ് അന്നെടുത്ത നിലപാടിന്റെ നന്മ ഈ രാജ്യം മുഴുവന്‍ ദര്‍ശിച്ചതാണ്. വികാരത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍ നിലപാടില്‍ നിന്നും വ്യതിചലിക്കില്ല. പലരും പ്രകോപിതരായി മുന്നോട്ടു വന്ന സാഹചര്യമുണ്ടായി. അന്നും പാര്‍ട്ടിയും നേതാക്കളുമെല്ലാം സംയമനം പാലിച്ചു മുന്നോട്ടു പോയി. രാജ്യ നന്മ മാത്രമാണ് എല്ലാഘട്ടത്തിലും മുസ്്‌ലിം ലീഗ് ആഗ്രഹിച്ചത്. ഇനിയും ആ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എന്നിവര്‍ പാണക്കാട് ചേര്‍ന്ന യോഗത്തില്‍ നേരിട്ടും ദേശീയ ഭാരവാഹികളായ എ. യൂനുസ് കുഞ്ഞ്, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ഖുര്‍റം അനീസ് ഉമര്‍, നവാസ് ഗനി എം.പി, സിറാജ് ഇബ്രാഹീം സേട്ട്, സാബിര്‍ ഗഫാര്‍, ദസ്തഖീര്‍ ആഗ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ വഴിയും യോഗത്തില്‍ പങ്കെടുത്തു.