മന്ത്രി കെ.ടി ജലീലിന്റെ പാഴ്‌സല്‍; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്‌

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട നയതന്ത്ര പാഴ്‌സല്‍ വിവാദത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെ സമന്‍സ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘമാണ് രണ്ടു വര്‍ഷത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയ പാഴ്‌സലുകളെ കുറിച്ച് വ്യക്തത തേടി സമന്‍സ് നല്‍കിയത്.
രണ്ടുവര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍ എത്ര പാഴ്‌സലുകള്‍ എത്തി, ഇതിന് മുന്‍കൂറായി അപേക്ഷകള്‍ ലഭിച്ചിരുന്നോ, മറ്റ് ഇളവുകള്‍ നല്‍കിയിരുന്നോ എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ യു.എ.ഇ കോണ്‍സുലേറ്റിലെത്തിയ നയതന്ത്ര പാഴ്‌സലുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഇവ മതഗ്രന്ഥങ്ങള്‍ ആയിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ വന്ന മതഗ്രന്ഥങ്ങള്‍ പിന്നീട് സി ആപ്റ്റിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തുവെന്നുമാണ് ജലീലിന്റെ വിശദീകരണം. മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തത ഇല്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചത്.
ഡിപ്ലോമാറ്റിക്ക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാന്‍ കസ്റ്റംസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ല. സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ സി ആപ്പ്റ്റില്‍ എത്ര ഡിപ്ലോമാറ്റിക്ക് പാഴ്സലുകള്‍ വന്നുവെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കില്‍ ഈ രേഖകളും ഇരുപതാം തീയതിക്ക് മുമ്പായി ഹാജരാക്കാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എന്‍എല്ലിനും നോട്ടീസ് അയച്ചിട്ടുണ്ട്.