മഴക്കെടുതിയില്‍ വലഞ്ഞ് വയനാട്‌

കനത്ത മഴയെ തുടര്‍ന്ന് മുത്തങ്ങ നദി കരകവിഞ്ഞ് ഒഴുകിയപ്പോള്‍

കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
വ്യാപക കൃഷി നാശം; ഡാമുകളിലെ ജലനിരപ്പ് വര്‍ധിച്ചു

കല്‍പ്പറ്റ: റെഡ് അലര്‍ട്ട് തുടരുന്ന വയനാട്ടില്‍ ഇന്നലെയും അതിശക്തമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. നിരവധിയിടങ്ങളില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വ്യാപകകൃഷിനാശവുമുണ്ടായി. നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ വയനാട്ടില്‍ കൂടുതല്‍ ക്യാംപുകള്‍ തുറന്നു.
30 ക്യാംപുകളിലായി 456 കുടുംബങ്ങളിലായി 1664 പേരാ ണുള്ളത്. വൈത്തിരി താലൂക്കില്‍ 18 ക്യാംപുകളാണ് തുറന്നിട്ടുള്ളത്. വൈത്തിരിയില്‍ 250 കുടുംബങ്ങളിലായി 897 പേരാണുള്ളത്. മാനന്തവാടി താലൂക്കില്‍ 10 ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 154 കുടുംബങ്ങളിലെ 610 പേരാണ് ഇവിടെയുള്ളത്. സുല്‍ത്താന്‍ബത്തേരിയില്‍ രണ്ട് ക്യാംപുകളിലായി 52 കുടുംബങ്ങളിലെ 157 പേരുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കടമാത്തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ പാളകൊല്ലി കോളനിയിലെ മൂപ്പതോളം കുടുംബങ്ങളെ പഞ്ചായത്തിന്റെയും റവന്യുവകുപ്പിന്റെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയാ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ യാണ് മുന്‍കരുല്‍ എന്ന നിലയില്‍ മുഴുവന്‍ കുടുംബങ്ങളെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്.
ക്യാംപില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. മാനന്തവാടി താലൂക്കില്‍ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ ഇരുനിലവീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡില്‍ പതിച്ചു.
പേര്യ 36 ടൗണിന് സമീപത്ത് താമസിക്കുന്ന വി പി കെ അബ്ദുള്ളയുടെ വീടിന്റെ ജി ഐ പൈപ്പും റൂഫിംഗ് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂരയാണ് ഒന്നാകെ റോഡിലേക്ക് പതിച്ചത്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം മാനന്തവാടി-തലശേരി റോഡില്‍ ഗതാഗതം നിലച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മേല്‍ക്കൂര നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. പാതിരിച്ചാല്‍ എരണക്കൊല്ലി വിജയന്റെ വീടിന് മുകളിലേക്ക് കനത്ത കാറ്റിലും മഴയിലും മരംവീണു. പിന്നീട് ഇത് മുറിച്ചുമാറ്റി. ശക്തമായ മഴയിലും കാറ്റിലും വെളളമുണ്ട എട്ടേനാലിലെ അടക്കസംസ്‌ക്കരണ കേന്ദ്രം തകര്‍ന്നു ബുധനാഴ്ച രാത്രിയാണ് സംഭവം. മൂന്ന് ദിവസമായി കനത്തമഴയിലും കാറ്റിലും വൈദ്യുതിബന്ധം താറുമാറായ ആറുവാളില്‍ വന്‍മരം പോസ്റ്റിലേക്ക് കടപുഴകി വീണ് അപകടാവസ്ഥയിലാണ്. പുല്‍പ്പള്ളിമേഖലയിലും കാലവര്‍ഷത്തില്‍ വന്‍കെടുതികളാണുണ്ടാത്.
പട്ടാണിക്കുപ്പ് കുന്നത്ത് വടക്കയില്‍ സാമുവലിന്റെ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. ശശിമലയില്‍ ബിനോയിയുടെ കടയുടെ മുകളില്‍ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. പ്രദേശത്ത് കനത്തമഴയിലും കാറ്റിലും വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. കല്ലുവയല്‍ എരിത്തോട്ട് ദാമോദരന്റെ രണ്ട് ഏക്കറോളം സ്ഥലത്തെ വാഴ പൂര്‍ണമായി നിലംപൊത്തി.
മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായ അവസ്ഥയാണ്. ജില്ലയിലെ പ്രധാനപുഴകളായ നൂല്‍പ്പുഴ, മാനന്തവാടിപുഴ, പനമരം പുഴ എന്നിവ നിറഞ്ഞൊഴുകുകയാണ്. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. 15 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.