മീന്‍ലോറിയില്‍ ഒളിച്ചുകടത്തിയ 139 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ചാലക്കുടിയില്‍ പിടികൂടിയ കഞ്ചാവും, പ്രതി അരുണ്‍കുമാര്‍, കഞ്ചാവ് കൊണ്ടുവന്ന ലോറിയും ഓപ്പറേഷനു നേതൃത്വം നല്‍കിയ അന്വേഷണ സംഘവും

ചാലക്കുടി: മീന്‍ലോറിയില്‍ ഒളിച്ചുകടത്തിയിരുന്ന കോടികള്‍ വിലമതിക്കുന്ന 139 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കൊല്ലം ശക്തികുളങ്ങര സ്വദേശി കുന്നയില്‍ തെക്കേത് വീട്ടില്‍ അരുണ്‍കുമാറിനെ(33) പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കോടതി ജംഗ്ഷനില്‍വെച്ചാണ് കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട നടന്നത്. പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
കൊറോണക്കാലത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് മയക്കു മരുന്നു ലോബികള്‍ കേരളത്തിലേക്ക് പഴം, പച്ചക്കറി, മീന്‍ വണ്ടികളില്‍ വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് മാസങ്ങളായി നീണ്ടു നിന്ന അന്വേഷണത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്. ഫ്രീസര്‍ സംവിധാനമുള്ള മീന്‍ വണ്ടിയില്‍ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.പിടികൂടിയ കഞ്ചാവ് എറണാകുളം കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയക്കായി കൊണ്ടുവന്നതെന്നാണ് സൂചന. ഒറീസയിലെ മാവോയിസ്റ്റ് മേഖലകളില്‍ നിന്നും വന്‍ വിലക്കുറവിന് സുലഭമായി കിട്ടുന്ന കഞ്ചാവ് അതിര്‍ത്തി സംസ്ഥാനങ്ങളായ തെലങ്കാന,ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച് പലവിധ മാര്‍ഗങ്ങളില്‍ കൂടി കേരളത്തില്‍ എത്തിക്കുകയാണ് കഞ്ചാവ് ലോബിക്കാര്‍ ചെയ്യുന്നത്. കൊറോണകാലത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്ത് കഞ്ചാവിന്റെ ലഭ്യതകുറവിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന കഞ്ചാവിന് വന്‍ ഡിമാന്റ് ആണെന്നുള്ളതും,നാലിരട്ടി വരെ വില കൂടുതല്‍ കിട്ടുമെന്നുള്ളതുമാണ് മയക്കുമരുന്നുലോബികള്‍ ഏതു വിധേനയും കഞ്ചാവ് കടത്തുവാന്‍ തയ്യാറായി വരുന്നത്.ആന്ധ്രപ്രദേശില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും പച്ചമീന്‍ കൊണ്ടുവരുന്ന പ്രത്യേക തരം വണ്ടിയാണ് കഞ്ചാവ് കടത്താനുപയോഗിച്ചത്. ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് പച്ച മീന്‍ കൊണ്ടുവരുന്ന ബോക്‌സുകള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇങ്ങിനെയുള്ള വണ്ടികള്‍ പൊലീസിന്റെ പരിശോധനകളില്‍ നിന്ന് എളുപ്പം ഒഴിവായി പോകുന്ന ധാരണ യിലാണ് ഇത്തരം വണ്ടികള്‍ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നും പൊലീസിന് വിലപ്പെട്ട പല പ്രധാന വിവരങ്ങളും കിട്ടിയിട്ടുണ്ട്. മാഫിയ സംഘത്തിലെ കൂടുതല്‍ പ്രതികളെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൃശൂര്‍ റൂറല്‍ എസ്.പി. ആര്‍ വിശ്വനാഥ് ഐ പി എസിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഷാജ് ജോസ്, ചാലക്കുടി ഐ എസ് എച്ച് ഒ കെ. എസ്. സന്ദീപ്, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, എസ്. ഐ ഷാജന്‍ എം.എസ്, എ.എസ്.ഐ മാരായ ജയകൃഷ്ണന്‍, സി.എ.ജോബ്, സതീശന്‍ മടപ്പാട്ടില്‍, മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, ടി.ആര്‍.ഷൈന്‍, ലോകനാഥന്‍ , സീനിയര്‍ പൊലീസുദ്യോഗസ്ഥരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, കെ.എസ്. ഉമേഷ്, മിഥുന്‍ കൃഷ്ണ, ഇ.എസ്. ജീവന്‍, സി.പി.ഒ മാരായ ഷറഫുദ്ദീന്‍, എം വി. മാനുവല്‍ എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.