മുഖ്യന്റെ ഓഫീസില്‍ സ്വാധീനം

11

സ്വപ്നക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ എന്‍.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയും മുന്‍ ഐടി ഓഫീസ് ജീവനക്കാരിയുമായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിര്‍ണായക സ്വാധീനമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സ്വപ്‌നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്‌ന സുരേഷിന് അണ്‍ ഒഫീഷ്യല്‍ ബന്ധമാണുള്ളത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വപ്‌നക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു.
സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളിയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് കസ്റ്റംസ് അധികൃതര്‍ പിടിച്ചു വച്ചപ്പോള്‍ ബാഗ് വിട്ടു കിട്ടാന്‍ സാഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫഌറ്റിലെത്തി സ്വപ്‌ന കണ്ടിരുന്നു. സ്വപ്‌നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് ശിവശങ്കറാണ്. അദ്ദേഹത്തില്‍നിന്ന് സ്വപ്‌ന ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്‌നക്കുണ്ടായിരുന്നു. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ എല്ലാം സ്വപ്‌നയായിരുന്നുവെന്നും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎക്ക് വേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ വ്യക്തമാക്കി. സ്വപ്‌ന അറിയാതെ കോണ്‍സുല്‍ ജനറലിന്റെ ഒരു പ്രവൃത്തിയും നടന്നിരുന്നില്ല. സ്വര്‍ണക്കടത്ത് ഇടപാടില്‍ പങ്കെടുത്തവര്‍ക്ക് ഓരോരുത്തര്‍ക്കും 50,000 രൂപ വീതം ഓരോ ഇടപാടിനും പാരിതോഷികം ലഭിച്ചിരുന്നു. ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ്. ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിനെ അത് ബാധിക്കും. ശിവശങ്കര്‍ മെന്റര്‍ ആണെന്നാണ് ചോദ്യം ചെയ്യലില്‍ സ്വപ്‌ന പറഞ്ഞത്. ഒറ്റപ്പെട്ട സ്വര്‍ണക്കടത്തല്ല ഇത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ വാദിച്ചു. കേസ് ഡയറി ഭാഗികമാണെന്നും കൂട്ടിച്ചേര്‍ക്കലുകളുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോണ്‍സുലേറ്റിലും വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും ജാമ്യം കിട്ടിയാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച വിധിപറയും.
എന്നാല്‍, സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അറിയാമെന്നും എം.ശിവശങ്കര്‍ ഉപദേശകന്‍ മാത്രമാണെന്നുമാണ് സ്വപ്‌ന പറഞ്ഞത്. സ്വപ്‌നക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്നും ജാമ്യഹര്‍ജിയില്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ നടന്ന വാദത്തിനു ശേഷം പുറത്തുവന്ന അഭിഭാഷകന്‍ പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യമായി മാത്രമേ കാണാവൂവെന്നും ഭീകരപ്രവര്‍ത്തനമായി കാണരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ മൊഴി മാത്രമാണ് എന്‍ഐഎ കോടതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അത് പൊലീസ് എഴുതിച്ചേര്‍ക്കുന്ന ഒരു രേഖ മാത്രമാണ്. 25 ദിവസമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഭീകരവാദത്തിന് ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. അതുകൊണ്ട് യുഎപിഎ ചുമത്താന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെ ന്നും അഭിഭാഷകന്‍ പറഞ്ഞു.