മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ചെന്നിത്തല; കഴിവുകെട്ട പണിക്കാരന്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കുന്നു

തിരുവനന്തപുരം: അശാസ്ത്രീയമായ സമീപനങ്ങളും അലംഭാവവും വീമ്പു പറച്ചിലും കാരണം സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളിയെന്ന് ബോധ്യമായതോടെ കുറ്റം പ്രതിപക്ഷത്തിന്റെയും മറ്റുള്ളവരുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ള ആസൂത്രണം ചെയ്യാന്‍ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചിലവിട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിവുകെട്ട പണിക്കാരന്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കും. കൊവിഡ് പടര്‍ന്നതിന് രാവിലെ ഉദ്യോഗസ്ഥരേയും വൈകിട്ട് പ്രതിപക്ഷത്തേയും പഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സ്വന്തം ഇരട്ട മുഖം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി തന്നെ കുറ്റം പറയുന്നത്. വിമര്‍ശനങ്ങളെ പൊസീറ്റീവായി കാണാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. തുടക്കം മുതല്‍ കോവിഡിന്റെ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനെ അപമാനിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നു. പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും വിഡ്ഡിത്തവുമാണ്. യുദ്ധം ജയിക്കുന്നതിനു മുന്‍പ് തങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പി ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനത്തില്‍ വലിയ പങ്കുണ്ട്. കേരളം മുന്നിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ടെസ്റ്റുകള്‍ മന:പൂര്‍വ്വം നടത്താതിരുന്നതും കോവിഡ് കണക്കുകള്‍ കുറച്ചുകാണിച്ചതും രോഗവ്യാപനത്തിനുള്ള അടിസ്ഥാന കാരണമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി പൊലീസിനെ ഏല്പിക്കുന്നത് എത്ര മാത്രം ഗുണകരമാണെന്ന് മുഖ്യമന്ത്രി ആലോചിക്കണം. കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും കരുതലോടെയുമാണ് കൈകൈാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്ക് മുഷ്ടി പ്രയോഗം കാര്യങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. പൊലീസിനെ ഉപയോഗിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍, അത് വലിയ ദുരന്തത്തിലേക്ക് സംസ്ഥാനത്തെ തള്ളി വിടും.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പകരുന്നതു അതീവ ഗൗരവമായി സര്‍ക്കാര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം വല്ലാതെ പടരുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുകയും അമിത ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പ്രതിപക്ഷത്തിന്റെ മേല്‍ പഴിചാരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പരിതാപകരമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇരട്ടവേഷം അവസാനിപ്പിച്ച് ആത്മാര്‍ത്ഥമായി കോവിഡ് പ്രതിരോധത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.