മേപ്പാടി പുഞ്ചിരിമട്ടത്ത് വന്‍ ഉരുള്‍പൊട്ടല്‍

മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍

മേപ്പാടി: പുത്തുമലയില്‍ 17 പേരുടെ ജീവനെടുത്ത വന്‍ഉരുള്‍പൊട്ടലിന്റെ ഒന്നാം വാര്‍ഷികത്തിന് തൊട്ടുതലേന്ന് പുത്തുമലക്ക് സമീപം മുണ്ടക്കൈ പുഞ്ചിരിമട്ടം നാഗമല ഭാഗത്ത് വന്‍ ഉരുള്‍പൊട്ടല്‍. വെള്ളിയാഴ്ച്ച രാവിലെ 8.15നായിരുന്നു ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം ഉണ്ടായി. ആളപായമില്ല. ഉരുള്‍പൊട്ടലില്‍ കുടുങ്ങിക്കിടന്ന 33 പേരെ സാഹസികമായി രക്ഷപ്പെടുത്തി. വനറാണി എസ്റ്റേറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. എന്‍ ഡി ആര്‍ എഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ആര്‍ക്കും പരിക്കേല്‍ക്കാതെ കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുടക്കയില്‍ സുകുമാരന്‍, മഠത്തില്‍ വിജയന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. പുഞ്ചിരിമട്ടം മറുതായിയുടെ വീടിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. എസ് സി കോളനി ഭാഗത്തും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വിവരമുണ്ട്. ഈ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പുഞ്ചിരിമട്ടം റിസോര്‍ട്ട് പരിസരത്തുനിന്നും ഒന്‍പതു പേരെയും. എസി കോളനിയില്‍ നിന്നും ഒന്‍പതു പേരെയും സ്‌കൂള്‍ കുന്നില്‍ നിന്ന് 15 പേരെയുമാണ് രക്ഷപ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ അഞ്ച് പാലങ്ങള്‍ തകര്‍ന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുണ്ടക്കൈ എല്‍പി സ്‌കൂളിന് സമീപത്തെ പാലവും തകര്‍ന്നവയില്‍ പെടും. പുഞ്ചിരി മട്ടം റോഡിലെ നാല് ചെറു പാലങ്ങളും തകര്‍ന്നു. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിഭൂമി ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടക്കം മുണ്ടക്കൈ നാഗമലയില്‍ നിന്ന്. എസ് സി കോളനി റോഡില്‍ റിസോര്‍ട്ടിന് സമീപം നേരത്തെ ചെറിയ നീര്‍ച്ചാല്‍ ഉണ്ടായിരുന്ന പ്രദേശം ഉരുള്‍പൊട്ടലോടെ പുഴയായി മാറി. ഇതേതുടര്‍ന്ന് ആദ്യം വടം കെട്ടി ആളുകളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. നീരൊഴുക്ക് ശക്തമായതിനാല്‍ താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ ശ്രമം തുടങ്ങി.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് 10 മിനിറ്റിനകം പാലം നിര്‍മ്മിച്ച് റിസോര്‍ട്ടിന് സമീപം കുടുങ്ങിക്കിടന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെത്തിച്ചു. എസ് സി കോളനി, എട്ടാം നമ്പര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടന്ന ആളുകളെ എന്‍ ഡി ആര്‍ എഫിന്റെ സഹായത്തോടെയാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. 30 മീറ്ററില്‍ അധികം വേദിയുണ്ട് പുഴക്ക്. ഇതിന് കുറേ വടം കെട്ടി ആളുകളെ വലയില്‍ കയറ്റിയാണ് റോപ്പ് വഴി പുറത്തെത്തിച്ചത്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. വൈത്തിരി തഹസില്‍ദാര്‍ ഹാരിസിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുണ്ടക്കൈയ്യില്‍ നിന്നും 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.