മോര്‍ച്ചറിക്ക് മുന്നില്‍ ഹൃദയഭേദകമായ രംഗങ്ങള്‍

മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് സി.എച്ച്.സെന്റര്‍ വളണ്ടിയര്‍മാര്‍ക്ക് ജനറല്‍ സെക്രട്ടറി എം.എ.റസാക്ക് മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് പോസ്റ്റ്‌മോര്‍ട്ടം റൂമിനും മോര്‍ച്ചറിക്കും മുന്നില്‍ കണ്ടത് ഹൃദയഭേദകമായ രംഗങ്ങള്‍. കോവിഡ് മഹാമാരിയെ അതിജീവിച്ച് നാട്ടിലെത്താന്‍ വിമാനം കയറിയ പ്രവാസികളും ബന്ധുക്കളും സ്വദേശത്ത് കാലുകുത്തുന്നതിന് തൊട്ടുമുമ്പാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ദാരുണായ അപകടത്തിലേക്ക് കൂപ്പുകുത്തിയത്. പ്രിയപ്പെട്ടവരുടെ ഭൗതികശരീരം ഏറ്റുവാങ്ങാനെത്തിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ക്കും അന്വേഷണങ്ങള്‍ക്കും മുന്നില്‍ പൊലീസിനും അധികൃതര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥ. രാവിലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോവിഡ് ടെസ്റ്റ് കൂടി നടത്തേണ്ടതിനാല്‍ അതീവ ജാഗ്രതയിലാണ് നടപടികള്‍ ആരംഭിച്ചത്. രാവിലെ എട്ടുമണിയോടെ തന്നെ മോര്‍ച്ചറി പരിസരം ജനനിബിഡമായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും നേരത്തെ തന്നെ എത്തിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ വടംകെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പലരും ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് മടങ്ങിയവരായിരുന്നു. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമെന്ന് കരുതിയവര്‍ നാട്ടില്‍ എന്തെങ്കിലും ജോലി തരപ്പെടുത്തണമെന്ന ചിന്തയിലായിരുന്നു. അവര്‍ക്കിടയിലേക്കാണ് മരണം വിമാനാപകട രൂപത്തില്‍ വന്നു പതിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്ന് എത്തിചേര്‍ന്നവര്‍ ആശങ്കയും ഭീതിയും പങ്കുവെച്ച് മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പലപ്പോഴും ലംഘിക്കപ്പെട്ടു. ഇവരെ നിയന്ത്രിക്കാന്‍ പൊലീസിന് പാടുപെടേണ്ടിവന്നു. രാവിലെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുന്നേരം വരെ തുടര്‍ന്നു. പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും മൃതദേഹങ്ങള്‍ എംബാം ചെയ്ത് എയര്‍ ഇന്ത്യക്ക് കൈമാറി. കോവിഡ് സ്ഥിരീകരിച്ച സുധീര്‍ വാരിയത്തിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സംസ്‌കാരത്തിന് വിട്ടുകൊടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ ശൈലജ,എ.സി മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ മെഡിക്കല്‍ കോളജില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

പോസ്റ്റ്‌മോര്‍ട്ടം യുദ്ധകാല
അടിസ്ഥാനത്തില്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ചത്. മരണപ്പെട്ടവരില്‍ ഒരാളുടെ പരിശോധനാഫലം കോവിഡ് 19 പോസിറ്റീവ് ആയിരുന്നെങ്കിലും മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി നടപടിക്രമങ്ങള്‍പൂര്‍ത്തീകരിക്കുകയായിരുന്നു. ഈ വര്‍ഷം ഇത്രയും കൂടുതല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. ഇന്നലെ കൊണ്ടോട്ടി പൊലീസാണ് ഇന്‍ക്വസ്റ്റ് നടപടികള്‍പൂര്‍ത്തീകരിച്ചത്. സഹായത്തിനായി കൊണ്ടോട്ടിയിലെ പരിസര പ്രദേശങ്ങളിലെയും മെഡിക്കല്‍ കോളജിലെയും പൊലീസുകാരുമുണ്ടായിരുന്നു. ഇവര്‍ക്കാവശ്യമായ പി.പി.ഇ.കിറ്റ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് സിഐ.ബിനു തോമസ്, എസ്.ഐ. ധനഞ്ജയദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളേജ് പോലീസായിരുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വൈകീട്ട് 5.30 ഓടെയാണ് പൂര്‍ത്തീകരിച്ചത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ: പ്രസന്നന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോ: കൃഷ്ണകുമാര്‍,ഡോ പ്രജിത്, ഡോ: രബീഷ്, ഡോ: രാഗീ ന്‍, ഡോ: സുനില്‍, ടെക്‌നീഷ്യന്‍മാരായ ചന്ദ്രബാബു, സുധീഷ്, രാഗിലാല്‍, അരവിന്ദന്‍ ,സ്റ്റാഫംഗങ്ങളായ വില്‍ഫ്രഡ്, രതീഷ്, സുഗുണന്‍ എന്നിവരും ഉണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അനാട്ടമി വിഭാഗത്തില്‍ എംബാം ചെയ്യുകയുണ്ടായി.പാലക്കാട് വട്ടപ്പറമ്പില്‍ മുഹമ്മദ് റിയാസിന്റെ മൃതദേഹമാണ് ആദ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
മരിച്ചവരില്‍ മുസ്‌ലിംകളായവരുടെ മയ്യിത്തുകള്‍ മെഡിക്കല്‍കോളെജ് എം.എസ്.എസ്.എയ്ഡ് സെന്ററില്‍ കുളിപ്പിച്ച ശേഷമാണ് ബന്ധുക്കള്‍ അവരവരുടെ നാടുകളിലേക്ക് കൊണ്ട് പോയത്. മയ്യിത്ത് പരിപാലനത്തിന് കുറ്റിക്കാട്ടൂര്‍ സ്വദേശി ജി.കെ.അബ്ദുറഹിമാന്‍ നേതൃത്വംനല്‍കി. എം.എസ്.എസ്.പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, എയ്ഡ് സെന്റര്‍ ചെയര്‍മാന്‍ കാസിംനടക്കാവ്, കെ.ആര്‍.എസ്. ജബ്ബാര്‍ എം.കെ.രാഘവന്‍ എം.പി, അഡ്വ: ടി.സിദ്ധീഖ്, സി.മമ്മുട്ടി എം.എല്‍.എ, എം.എ.റസാഖ് മാസ്റ്റര്‍, പി.കെ.ഫിറോസ്, നജീബ് കാന്തപുരം എന്നിവര്‍ മോര്‍ച്ചറി പരിസരത്ത് എത്തിച്ചേര്‍ന്നു. ഒളോങ്ങല്‍ ഹുസൈന്‍, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, പി.എന്‍. കെ. അഷ്‌റഫ്, പി.സി. കാദര്‍ ഹാജി എന്നിവരുടെ നേതൃത്വത്തില്‍ സി.എച്ച്.സെന്റര്‍ വളണ്ടിയര്‍ മോര്‍ച്ചറിയിലും ആസ്പത്രിയിലും ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി.