രണ്ടു പേര്‍ കൂടി അറസ്റ്റില്‍, അന്വേഷണം യു.എ.ഇയിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി തേടി

42

രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമോയെന്ന് കോടതി; തെളിവുകളുണ്ടെന്ന് എന്‍.ഐ.എ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി ഷെറഫുദ്ദീന്‍, മണ്ണാര്‍ക്കാട് സ്വദേശി ഷെഫീക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റമീസിന്റെ നിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ നിന്നുള്ള സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിച്ചതിനാണ് രണ്ട് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതോടെകേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 12 ആയി. ഇതേസമയം അന്വേഷണം യുഎഇയിലേക്കു വ്യാപിപ്പിക്കാന്‍ എന്‍ ഐ എ തീരുമാനിച്ചു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കുന്നതിന് എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. എന്‍ ഐ എയുടെ ആവശ്യപ്രകാരം കേന്ദ്രം യു എ ഇ സര്‍ക്കാരിന്റെ അനുമതി തേടും. യു എ ഇ സര്‍ക്കാരിന്റെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക നയതന്ത്ര ബാഗ് കൈകാര്യം ചെയ്തവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. കേസിലെ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദ്, റിബിന്‍സണ്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനായാണ് നീക്കം. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റാഷയില്‍ നിന്ന് മൊഴിയെടുക്കാനും എന്‍.ഐ.എ നീക്കം നടത്തുന്നുണ്ട്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് കോടതിയില്‍ എന്‍.ഐ.എ. വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചപ്പോഴാണ് എന്‍ ഐ എ നിലപാട് വ്യക്തമാക്കിയത്. കേസിലെ പ്രതികള്‍ 20 തവണയായി 200 കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്തി. ഒരാള്‍ ഒരു തവണ സ്വര്‍ണം കടത്തുന്നത് പോലെയല്ല തുടര്‍ച്ചയായ കള്ളക്കടത്തെന്ന് എന്‍ ഐ എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.സംഘത്തിന്റെ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കും. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികള്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം എന്‍ ഐ എ സമര്‍പ്പിച്ചു. കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. കേസില്‍ ബുധനാഴ്ച വാദം തുടരും. കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും സ്വപ്‌ന സുരേഷ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നും സ്വപ്‌ന സുരേഷ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ തെളിവുകളുള്ളതിനാലാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയതെന്നായിരുന്നു എന്‍ ഐ എ എയുടെ വാദം. സ്വപ്‌ന സുരേഷ് ഉന്നയിച്ച രാഷ്ട്രീയ ആരോപണത്തിനും എന്‍ ഐ എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.കേസില്‍ എന്‍ഐഎക്ക് രാഷ്ട്രീയ താല്‍പര്യമില്ലെന്നും കേരളാ മുഖ്യമന്ത്രിയാണ് കേസ് അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കേരളാ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തതതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശ പ്രകാരം എന്‍ ഐ എ കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കസ്റ്റഡി അപേക്ഷയിലോ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ ഇല്ലാത്ത കാര്യങ്ങളാണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പ്രതിഭാഗത്തിന് മറുപടി പറയാനാണ് നാളത്തേക്ക് കേസ് വീണ്ടും മാറ്റിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.