റെഡിയാണ് മണലാരണ്യം

19

ദുബൈ:കോവിഡ് ആശങ്കയിലായിരുന്നു ഇത് വരെ പ്രവാസലോകം. അനുദിനം മരണസംഖ്യ ഉയര്‍ന്നപ്പോള്‍ വീടുകളിലും ഫഌാറ്റുകളിലുമെല്ലാമായി അടച്ചിട്ട്് കഴിയുകയായിരുന്നു എല്ലാവരും. മണലാരണ്യം കോവിഡ് മുക്തമായി മാറവെ സന്തോഷ വാര്‍ത്തയുമായി ക്രിക്കറ്റ് ലോകം യു.എ.ഇയിലേക്ക്് വരുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 2020 പതിപ്പ് യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതോടെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന പ്രവാസലോകം ഇരു കൈകളും നീട്ടിയാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. 53 ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ കാണികള്‍ക്ക്് അനുമതിയില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ ഗ്യാലറികള്‍ തുറക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നു. ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പ് കോവിഡ് കാരണമാണ് അവസാന നിമിഷം യു.എ.ഇക്ക് അനുവദിക്കപ്പെട്ടത്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ മാറാതെ നില്‍ക്കുമ്പോള്‍ മല്‍സരങ്ങള്‍ നടത്താന്‍ യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡ് താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10ന് അവസാനിക്കുന്ന തരത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് വരെ 50 ദിവസങ്ങളിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ഇത്തവണ അത് 53 ദിവസമാക്കി മാറ്റിയിട്ടുണ്ട്. ഇതില്‍ പത്ത് ദിവസം രണ്ട് മല്‍സരങ്ങള്‍ വീതമുണ്ടാവും. ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങളും രാത്രി 7-30 നാണ് ആരംഭിക്കുക. പകല്‍ മല്‍സരങ്ങള്‍ വൈകീട്ട്് 3-30ന് ആരംഭിക്കും. 24 താരങ്ങള്‍ക്കാണ് ഒരു ടീമില്‍ അനുമതി. സബ്‌സ്റ്റിറ്റിയൂഷന് നിയന്ത്രണങ്ങളില്ല. ഐ.പി.എല്ലിനൊപ്പം തന്നെ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന വാരത്തില്‍ മൂന്ന് ടീമുകള്‍ അണിനിരക്കുന്ന വനിതാ ടി-20 ചാലഞ്ചുമുണ്ട്. നാല് മല്‍സരങ്ങാണ് വനിതാ ടീമുകള്‍ കളിക്കുക. ഐ.പി.എല്‍ ടീമുകളുടെ യോഗം ഉടന്‍ ചേരും. 24 താരങ്ങള്‍ക്കാണ് ഒരു ടീമില്‍ അനുമതിയെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളില്‍ നിലവില്‍ 25 താരങ്ങള്‍ വീതമുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം കാരണം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീഴുകയും ചൈനീസ് കമ്പനികളെ ഇന്ത്യ നിരോധിക്കുകയും ചെയ്‌തെങ്കിലും ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ തന്നെയാണ്. ഇത് രണ്ടാം തവണയാണ് ഐ.പിഎല്‍ യു.എ.ഇയില്‍ നടക്കുന്നത്. 2014 പതിപ്പിന്റെ ഒരു ഭാഗം യു.എ.ഇയിലായിരുന്നു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് സമയമായതിനാലായിരുന്നു അത്.