
വലിയപറമ്പ്: വലിയപറമ്പ് പഞ്ചായത്തില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നത് കടലോര പ്രദേശത്ത് കഴിയുന്ന കുടുംബങ്ങളുടെ ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ മുഴുവന്‍ തീരങ്ങളിലും ഒരേ സമയം ശക്തമായ തോതില്‍ കടലാക്രമണമില്ലങ്കിലും ഓരോ വര്‍ഷവും ഓരോ ഭാഗങ്ങളിലായിട്ടാണ് അതിശക്തമായ രീതില്‍ കടല്‍ കരകവിഞ്ഞ് ഒഴുകി വ്യാപകമായി തെങ്ങുകള്‍ നശിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ വടക്കെ അറ്റമായ മാവിലാകടപ്പുറം ,പന്ത്രണ്ടില്‍ പ്രദേശങ്ങളിലേ 30 വര്‍ഷങ്ങളോളം വളര്‍ച്ചയുള്ള നൂറുകണക്കിന് തെങ്ങുകള്‍ കടല്‍ വലിച്ചെതെങ്കില്‍ ഈ പ്രാവശ്യം പഞ്ചായത്തിന്റെ തെക്ക് ഭാഗമായ വലിയപറമ്പ് കടന്നുവീട് കടപ്പുറമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
പതിനഞ്ചോളം വീടുകളില്‍ കടല്‍വെള്ളം കയറുകയും നൂറോളം തെങ്ങുകള്‍ കടല്‍ വലിക്കുകയും ചെയ്തു. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കന്നുവീട് കടപ്പുറം ഇത്രമാത്രം രൂക്ഷമായ കടലാക്രമണം ഉണ്ടായതെന്നാണ് പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ പറയുന്നത്. കന്നുവീട് കടപ്പുറത്തെ കടലാക്രമണ പ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍,കെപി സിഅംഗം കെവി ഗംഗാധരന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെകെ കുഞ്ഞബ്ദുള്ള, ജനറല്‍ സെക്രട്ടറി ടികെ അബ്ദുല്‍ സലാം, പികെസി കുഞ്ഞബ്ദുള്ള സന്ദര്‍ശിച്ചു.