വാക്‌സിന്‍ സജ്ജമെന്ന് റഷ്യ; കോവിഡ്19: ആദ്യ ഡോസ് മകള്‍ക്ക് നല്‍കിയെന്ന് പുട്ടിന്‍

മോസ്‌കോ: കോവിഡ് 19 വൈറസിനെതിരെ ലോകത്തിലെ ആദ്യ വാക്‌സിന്‍ പുറത്തിറക്കി റഷ്യ. വാക്‌സിന്‍ ഗവേഷണ രംഗത്ത് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം തുടരുന്നതിനിടെ, റഷ്യന്‍ പ്രസിഡണ്ട് വഌഡിമിര്‍ പുട്ടിനാണ് തങ്ങള്‍ മരുന്ന് ഔദ്യോഗികമായി പുറത്തിറക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. തന്റെ രണ്ടാമത്തെ മകള്‍ക്ക് ആദ്യ ഡോസ് മരുന്നു നല്‍കിയെന്നും അവള്‍ സുഖമായിരിക്കുന്നുവെന്നും മന്ത്രിമാരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പുട്ടിന്‍ അവകാശപ്പെട്ടു. സ്പുട്‌നിക് വി എന്നാണ് റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ പേര്. പുട്ടിന്റെ അവകാശവാദം സത്യമെങ്കില്‍ കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പായി ഇത് മാറും.
കോവിഡ് 19 വൈറസ് ബാധ ലോകത്ത് പടര്‍ന്നു പിടിക്കാന്‍ തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോഴാണ് ആദ്യ വാക്‌സിന്‍ എത്തുന്നത്. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളതെന്നും റഷ്യ അവകാശപ്പെട്ടു. കോവിഡിനെതിരെ ഗുണകരമായ രീതിയില്‍ മരുന്ന് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ലോകത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടമാണിത്. ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും പുട്ടിന്‍ പറഞ്ഞു. അതേസമയം വ്യവസ്ഥകളോടെയാണ് വാക്‌സിന്റെ രജിസ്‌ട്രേഷന്‍ അംഗീകരിച്ചിരിക്കുന്നതെന്നും ഉപയോഗിക്കുമ്പോള്‍ തന്നെ പരീക്ഷണവും തുടരുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുരാഷ്‌കോ അറിയിച്ചു. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. അതേസമയം വേണ്ടത്ര ക്ലിനിക്കല്‍ പരിശോധനകള്‍ നടത്താതെയാണ് റഷ്യ കോവിഡ് വാകിസ്ന്‍ പുറത്തിറക്കിയതെന്ന ആരോപണമുണ്ട്. സാധാരണ ഗതിയില്‍ വാക്‌സിനുകള്‍ പുറത്തിറക്കുന്നതിന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കപ്പെട്ട പരീക്ഷണ മാനദണ്ഡങ്ങളുണ്ട്. ഒന്നും രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരിശോധനകള്‍ ഇതില്‍ നിര്‍ണായകമാണ്. മനുഷ്യരിലെ മരുന്ന് പരീക്ഷണമാണ് ഈ മൂന്ന് ഘട്ടവും. നിലവില്‍ യു.എസ് വികസിപ്പിച്ച കോവിഡ് വാക്‌സിനായ മൊഡേണ ക്ലിനിക്കല്‍ പരിശോധനയുടെ രണ്ടാംഘട്ടത്തിലും ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ ക്ലിനിക്കല്‍ പരിശോധനയുടെ ഒന്നാം ഘട്ടത്തിലുമാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മനുഷ്യരില്‍ ആദ്യ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത് യു.എസ് ആണ്. ക്ലിനിക്കല്‍ പരിശോധനകളില്‍ ഫലപ്രദമെന്ന് കണ്ടെത്തിയാല്‍ 2021 അവസാനത്തോടെ വാക്‌സിന്‍ ലോകവ്യാപകമായി തന്നെ ലഭ്യമാക്കുമെന്ന് യു.എസ് അവകാശപ്പെടുമ്പോഴാണ് 2020 മധ്യത്തില്‍ തന്നെ വാക്‌സിന്‍ പുറത്തിറക്കി റഷ്യ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് വിക്ക് ഇതിനകം തന്നെ 20ഓളം രാജ്യങ്ങളില്‍നിന്നായി 100 കോടി ഡോസുകള്‍ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു.