ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ പെയ്ഡ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പടുവിച്ചു. ഗര്‍ഭിണികള്‍, രോഗികള്‍, ഉറ്റവരുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്നവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കൊപ്പം തിരിച്ചുവരുവന്നവര്‍ എന്നിവര്‍ക്ക് ഇതില്‍ ഒഴിവു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ 14 ദിവസത്തേക്ക് ഹോം ഐസൊലേഷനില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും അല്ലാത്തവര്‍ ഏഴു ദിവസം നിര്‍ബന്ധിത പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ വീട്ടിലേക്ക് പോകാവുവെന്നും വീട്ടിലെത്തിയാലും തുടര്‍ന്നുള്ള ഏഴു ദിവസം കൂടി ഹോം ഐസൊലേഷനില്‍ കഴിയണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് എട്ടു മുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. വിദേശ രാജ്യങ്ങളില്‍ കോവിഡ് പരിശോധന കഴിഞ്ഞു വരുന്നവര്‍ക്ക് ഫലം നെഗറ്റീവ് ആണെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ ആവശ്യമില്ല. യാത്രക്ക് മുമ്പുള്ള 96 മണിക്കൂറിനിടയില്‍ നടത്തിയ കോവിഡ് പരിശോധനകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാവാത്ത വിധം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വന്തം നിലയില്‍ ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആഗസ്റ്റ് എട്ട് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. എയര്‍ഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് ക്വാറന്റീനില്‍ അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില്‍ പ്രധാനം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍(മൂന്ന് ദിവസം) മുമ്പ് ന്യൂഡല്‍ഹി എയര്‍പോര്‍ട്ട്.ഇന്‍ എന്ന വെബ്‌സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം.
ഇന്ത്യയിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്‍കിയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വാറന്റീനില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് വരെ നടത്തിയ ആര്‍.ടി.-പിസിആര്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. കോവിഡ് ഫലം നെഗറ്റീവായവര്‍ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് യാത്രപുറപ്പെടുന്നതിന് മുമ്പ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം.
റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും. ഗുരുതരമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ എന്നിവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ അനുവദിക്കും. എന്നാല്‍ ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില്‍ അന്തിമതീരുമാനം സര്‍ക്കാര്‍ അധികൃതര്‍ക്കായിരിക്കും.