വെള്ളക്കെട്ട് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് പത്തോളം കുടുംബങ്ങള്‍ ദുരിതത്തില്‍

ശക്തമായ മഴയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ വീടുകള്‍

മൊഗ്രാല്‍: മഴ ശക്തി പ്രാപിച്ചതോടെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ പത്തോളം വീടുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ കുടുംബങ്ങള്‍ ദുരിതത്തിലായി. വര്‍ഷങ്ങളായി നാങ്കി കടപ്പുറം പ്രദേശം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. ശാശ്വത പരിഹാരം തേടി പ്രദേശവാസികള്‍ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം ഏതാനും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.
മഴ കനക്കുന്നതോടെ ഈ വര്‍ഷവും അതേ അവസ്ഥ ഉണ്ടാകുമെന്ന് കുടുംബങ്ങള്‍ ഭയക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ വീടിനു ചുറ്റും മഴ വെള്ളം വലിയതോതില്‍ കെട്ടിക്കിടക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളുടെ വീടുകളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.
കോവിഡ്-19 സമ്പര്‍ക്കവ്യാപനം തുടരുന്നതിനിടയില്‍ വെള്ളക്കെട്ട് മൂലം മഴക്കാലരോഗങ്ങളും പടര്‍ന്നേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അതിനിടെ ഡെങ്കിപ്പനി, ടൈഫോയ്ഡ്, വൈറല്‍ പനി, ന്യൂമോണിയ, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്ന പ്രദേശങ്ങള്‍ അധികൃതര്‍ സന്ദര്‍ശനത്തില്‍ ഒതുക്കാതെ വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളില്‍ ശാശ്വത പരിഹാരത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, ദുരിതം നേരിടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു.