സര്‍ക്കാര്‍ ജോലിക്കായി നാട്ടിലേക്ക് തിരിച്ച സഹീറ ബാനുവിന് മകനൊപ്പം അന്ത്യയാത്ര

സഹീറ ബാനുവും മകന്‍ അസല്‍ മുഹമ്മദും

കോഴിക്കോട്: ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികകയില്‍ പി.എസ്.എസി ലിസ്റ്റിലുള്ള സഹീറ ബാനു(29) സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കുട്ടികളോടൊപ്പം ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിങിന് തൊട്ടുമുമ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതോടെ സഹീറ ബാനുവിന്റെ സ്വപ്‌നങ്ങളും അഗാധതയിലേക്ക് മറഞ്ഞു. ഒപ്പം കൂടെയുണ്ടായിരുന്ന പതിനൊന്ന് മാസം മാത്രം പ്രായമുള്ള മകന്‍ അസല്‍ മുഹമ്മദും മരിച്ചു. സഹീറയുടെ ഭര്‍ത്താവ് പൂളക്കല്‍ മുഹമ്മദ് ഇജാസ് ദുബൈയില്‍ അക്കൗണ്ടന്റാണ്. മറ്റു മക്കളായ മറിയം ബിന്ദ് മുഹമ്മദ്(എട്ട്്), ലഹാന്‍ മുഹമ്മദ്(4) എന്നിവര്‍ കൂടെയുണ്ടായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവര്‍ കോഴിക്കോട്ടെ മൈത്ര, ബേബി മെമ്മോറിയല്‍ എന്നീ ആസ്പത്രികളില്‍ ചികിത്സയിലാണ്. സാഹിറയുടെ മൂന്നാമത്തെ പ്രസവത്തിനുശേഷമാണ് ഇവര്‍ മക്കളോടൊപ്പം ദുബൈയിലേക്ക് പോയത്.