സ്വപ്‌നയെ വിളിച്ചെന്ന് വെളിപ്പെടുത്തല്‍; ന്യായീകരണവുമായി ജനം ടി.വി എഡിറ്റര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന നായരെ ഫോണില്‍ ബന്ധപ്പെട്ടെന്ന് സമ്മതിച്ച് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. കേസില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ഇടപെട്ടിരുന്നുവെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കവെയാണ് സ്വര്‍ണക്കടത്ത് പിടിച്ച ദിവസം സ്വപ്‌നയെ ഫോണില്‍ വിളിച്ച കാര്യം ഇയാള്‍ തുറന്നുസമ്മതിക്കുന്നത്. സ്വപ്‌നയെ വിളിച്ചിരുന്നുവെന്ന് നേരെത്തെ പറഞ്ഞിരുന്നുവെന്നും നയതന്ത്ര ബാഗേജില്‍ യുഎഇ കോണ്‍സുലേറ്റിന്റെ വിശദീകരണം തേടിയാണ് വിളിച്ചതെന്നുമാണ് അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ന്യായീകരണം. ദുബായിലുള്ള കോണ്‍സുല്‍ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ സ്വപ്‌ന ആ വിശദീകരണം ഒരു മണിക്കൂറിനകം തരികയും അത് ഞങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു. ഇതിലൊന്നും ഒളിച്ചുവെക്കാനില്ലെന്നും ഞാന്‍ അവരെ കണ്ടിട്ടില്ലെന്നും അനില്‍ നമ്പ്യാര്‍ വാദിക്കുന്നു. സ്വര്‍ണം പിടികൂടിയതായി ചാനലുകളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയപ്പോള്‍ അനില്‍ നമ്പ്യാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചുവെന്നും പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കിയാല്‍ മതിയെന്ന് ഇയാള്‍ തന്നോടു പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ അനിലിനെ വിളിക്കാന്‍ പറ്റിയില്ല. 2018ല്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ വച്ചാണ് അനിലിനെ ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം, തിരുവനന്തപുരത്തെ ഒരു ടൈല്‍സ് ഷോറൂമിന്റെ ഉദ്ഘാടകനായി കോണ്‍സുലാര്‍ ജനറലിനെ പങ്കെടുപ്പിച്ചു. രണ്ടു വര്‍ഷം മുമ്പ് വഞ്ചനാ കേസില്‍പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇയാള്‍, വിലക്ക് നീക്കിക്കിട്ടാന്‍ വേണ്ടിയാണ് സരിത് വഴി തന്നെ സമീപിച്ചത്. ഒരു പ്രവാസി വ്യവസായിയെ ഇന്റര്‍വ്യൂ ചെയ്യാനായിരുന്നു യാത്ര. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയെടുത്ത ശേഷം ഇയാള്‍ യാത്ര നടത്തിയെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. ഈ മൊഴി ഏറെ ഗൗരവത്തോടെയാണ് കസ്റ്റംസ് കാണുന്നത്. നയതന്ത്ര ബാഗേജ് ആണെന്നും അതില്‍ സ്വര്‍ണമാണുണ്ടായിരുന്നതെന്നും അനില്‍ അറിഞ്ഞത് എങ്ങനെയെന്ന് കസ്റ്റംസ് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ഇയാളെ ഉടനെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.