സ്വര്‍ണക്കടത്ത് ശിവശങ്കര്‍ അറിഞ്ഞു; കുരുക്ക് മുറുകി മുഖ്യമന്തി

നയതന്ത്ര ബാഗേജ് മറയാക്കി തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ ഐ എ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ത്ര പ്രതിരോധത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ എത്തിച്ചിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കേന്ദ്രം സ്വപ്‌ന സുരേഷ് ആണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര കാര്‍ഗോയില്‍ വന്ന സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ സ്വപ്‌ന ശിവശങ്കറിനോട് ആവശ്യപ്പെട്ടെന്നും സമ്മര്‍ദ്ദം ചെലുത്തി എന്നുമാണ് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത് എന്നാല്‍ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടില്ല എന്നാണ് കോടതിയില്‍ എന്‍ഐഎ അറിയിച്ചിരുന്നതെങ്കിലും ഇത് ശിവശങ്കറിനെ മാത്രമല്ല അതുവഴി മുഖ്യമന്ത്രിക്കെതിരെയുള്ള കുരുക്കും കൂടുതല്‍ മുറുക്കുകയാണ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഉദ്യോഗസ്ഥതലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവി വഹിക്കുന്ന ശിവശങ്കറിന് ഉത്തമബോധ്യം ഉണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്നതും അന്താരാഷ്ട്ര ഭീകര ബന്ധമുണ്ടെന്ന് എന്‍ ഐ എ ഉറപ്പിച്ചതുമായ ഒരു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ഉന്നതന്‍ നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചു എന്നത് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായതിന് തുല്യമായ നിലയില്‍സഗൗരവമുള്ളതാണ്.
സ്വര്‍ണ്ണക്കടത്തു നടക്കുന്നുണ്ടെന്ന് അറിഞ്ഞയുടന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയും നടപടി സ്വീകരിക്കാന്‍ വഴിയൊരുക്കുകയുമാണ് ശിവശങ്കര്‍ ചെയ്യേണ്ടിയിരുന്നത്. സ്വപ്‌ന യില്‍ നിന്ന് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നുദിവസങ്ങളിലായി 25 മണിക്കൂര്‍ ചോദ്യംചെയ്തതിന് പുറമേയാണിത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പത്തിലധികം തവണ നയതന്ത്ര കാര്‍ഗോ വഴി സ്വര്‍ണം കടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കടത്ത് എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് കൂടിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് എന്‍ഐഎ നടത്തിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുമായി നേരിട്ട് സ്വപ്‌ന നല്ല ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് കോടതിയില്‍ എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്‌നയെ അറിയുക പോലുമില്ലെന്ന് മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് എന്‍ഐഎയുടെ ഈ കണ്ടെത്തല്‍. ശിവശങ്കര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര സ്വാധീനം സ്വപ്‌നക്ക്് ഉണ്ടാക്കിയിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അക്കമിട്ട് നിരത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ അവിശുദ്ധ ഇടപാടുകള്‍ക്കും സ്വപ്‌ന ഈ സ്വാധീനം ഉപയോഗപ്പെടുത്തി എന്നും തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന ഭരണ കേന്ദ്രങ്ങളുമായും ഐഎഎസ് നേതൃത്വവുമായും സ്വപ്‌നക്കുള്ള വഴി വിട്ട അടുപ്പം എന്‍ഐഎ പുറത്തുകൊണ്ടുവന്നിരിക്കെ മറുപടി പറയേണ്ടത്് മുഖ്യമന്ത്രി തന്നെയാണ്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംസ്ഥാന പൊലീസ് സേനയെ സ്വപ്‌ന കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അനധികൃത ഇടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു എന്നതും വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിക്ക് നേരെ തന്നെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു എന്ന കണ്ടെത്തലില്‍ നിന്നും മുഖ്യമന്ത്രിക്കും ഇടതു ഭരണത്തിനും ഒഴിഞ്ഞു നില്‍ക്കാനാവില്ല. സംസ്ഥാന ഭരണത്തില്‍ ഇത്രയധികം സ്വാധീനം ഉണ്ടായിരുന്ന സ്വപ്‌ന ക്ക് സ്വര്‍ണക്കടത്തിനെകുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നും അവര്‍ സമര്‍ഥമായി കരുക്കള്‍ നീക്കി എന്നും എന്‍ഐഎ കണ്ടെത്തുമ്പോള്‍ ഭരണത്തിലെ ഉന്നതര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി നേരിട്ടുള്ള പങ്കാണ് വെളിവാകുന്നത്. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ എല്ലാമെല്ലാം സ്വപ്‌ന ആയിരുന്നുവെന്ന് എന്‍ഐഎ തറപ്പിച്ച് പറയുമ്പോള്‍ വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കായിരിക്കും മുഖ്യമന്ത്രിയും കൂട്ടരും മറുപടി പറയേണ്ടിവരിക.